ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റപ്പോള്‍ ആദ്യ സര്‍ക്കാരിലെ പ്രമുഖര്‍ കേന്ദ്രമന്ത്രി പട്ടികയിലിടം നേടിയില്ല. ഒന്നാം മോദി സര്‍ക്കാരിലെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി, ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, വ്യോമയാന മന്ത്രി സുരേഷ് പ്രഭു, സഹമന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, ജയന്ത് സിന്‍ഹ,അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരാണ് പുതിയ മന്ത്രിസഭയില്‍നിന്ന് പുറത്തായത്. 

അരുണ്‍ ജെയ്റ്റ്‌ലിയെയും സുഷമ സ്വരാജിനെയും അനാരോഗ്യം കാരണമാണ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത്. വൃക്കരോഗത്തിന് ചികിത്സ തുടരുന്ന അരുണ്‍ ജെയ്റ്റ്‌ലി, തന്നെ മന്ത്രിസഭയില്‍നിന്ന്  ഒഴിവാക്കണമെന്ന് നേരത്തെതന്നെ മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. 

അതേസമയം, മുന്‍ ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ബി.ജെ.പി. അധ്യക്ഷനായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തെ പുതിയ മന്ത്രിസഭയില്‍ പരിഗണിക്കാതിരുന്നതെന്നും ശ്രദ്ധേയമാണ്. നിലവിലെ പാര്‍ട്ടി അധ്യക്ഷനായ അമിത് ഷാ കേന്ദ്രമന്ത്രിയായതോടെ ജെ.പി. നഡ്ഡ അധ്യക്ഷസ്ഥാനത്തെത്തുമെന്നാണ് സൂചന. ഒന്നാം മോദി സര്‍ക്കാരിലെ മറ്റു മന്ത്രിമാരായ മനേക ഗാന്ധി, സുരേഷ് പ്രഭു സഹമന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, ജയന്ത് സിന്‍ഹ തുടങ്ങിയവരെയും ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല. അതേസമയം, സഹമന്ത്രിമാരടക്കം ഇരുപത് പുതുമുഖങ്ങള്‍ക്കാണ് പുതിയ മന്ത്രിസഭയില്‍ ഇടംകിട്ടിയത്. 

Content Highlights: These Ministers from First Modi Government Not included in Second Modi Govt