ന്യൂഡല്‍ഹി:  എറണാകുളം സിറ്റിങ് എം.പി. കെ.വി.തോമസിന് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലാകൃഷ്ണന്‍. 

'കെ വി തോമസിനോട് കോണ്‍ഗ്രസ്സ് ചെയ്തത് അനീതി നിര്‍ഭാഗ്യകരം. മോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് പ്രധാന കാരണം. സോണിയ ഗാന്ധിയുടെ കിച്ചന്‍ ക്യാബിനറ്റിലെ അംഗമായിരുന്ന വടക്കനും തോമസ് മാഷും ഇന്ന് പുറത്തായി. ഇനി പലരും കേരളത്തില്‍ മോദി ആരാധനയുടെ പേരില്‍ പുറത്ത് വരും. പലര്‍ക്കും ഇനി സീറ്റ് നിഷേധിക്കപ്പെടേണ്ടി വരും'- അദ്ദേഹം പറഞ്ഞു. 

സിറ്റിങ് എം.പിയായ കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ഈഡന്‍ എം.എല്‍.എയെയാണ് കോണ്‍ഗ്രസ് എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കിയത്. ഇതിനെതിരെ കെ.വി. തോമസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 

'താനൊരു കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസിന് തന്നോട് നീതി കാണിക്കാമായിരുന്നു. എന്ത് തെറ്റ് ചെയ്തുവെന്നോ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നോ അറിയില്ല. പ്രായമായത് തെറ്റല്ല. തന്നെ കറിവേപ്പില പോലെ വലിച്ചെറിയാന്‍ ആര്‍ക്കും സാധിക്കില്ല. പൊതുപ്രവര്‍ത്തനവുമായി ജനങ്ങളോടൊപ്പം മുന്നോട്ട് പോകും- എന്നായിരുന്നു കെ.വി. തോമസിന്റെ പ്രതികരണം. 

Content Highlights: The Reason Avoiding K V Thomas is He Applause Modi Says B Gopalkrishnan