വാാരണാസി: രാജ്യം തന്നെ പ്രധാനമന്ത്രിയാക്കിയെങ്കിലും താനെപ്പോഴും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം മണ്ഡലമായ വാരണാസിയില്‍ ബി.ജെ.പി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഈ വലിയ വിജയം സമ്മാനിച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഞാന്‍ നന്ദി പറയുന്നു. താന്‍ എപ്പോഴും ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കും. പ്രധാനമന്ത്രി എന്നത് രണ്ടാമത്തെ കാര്യമാണ്. 

രണ്ട് തരത്തിലുള്ള വെല്ലുവിളികളാണ് ബി.ജെ.പി നേരിടുന്നത്. അക്രമരാഷ്ട്രീയവും, രാഷ്ട്രീയമായ അയിത്തവും. എന്തുകൊണ്ടാണ് നമ്മുട പ്രവര്‍ത്തകര്‍ കശ്മീരിലും, ബംഗാളിലും കേരളത്തിലുമെല്ലാം ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നത്. ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ഇന്ത്യയിലെ ഏറ്റവും ജനാധിപത്യ രീതിയിലുള്ള പാര്‍ട്ടി ബി.ജെ.പിയാണ്.

പുതിയ തലത്തിലുള്ള രാഷ്ട്രീയമാണ് ഉത്തര്‍പ്രദേശിലേത്. 2014, 2017, 2019  ഹാട്രിക്ക് വിജയം ചെറിയ കാര്യമല്ല. പക്ഷെ ഇതിന് ശേഷവും രാഷ്ട്രീയ വിദഗ്ധരുടെ കണ്ണ് തുറക്കുന്നില്ല. കാത് കേള്‍ക്കുന്നില്ലെന്നും മോദി പരിഹസിച്ചു.

bjp

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് ശേഷം സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളോട് നന്ദി പറയാന്‍ എത്തിയതായിരുന്നു മോദി. അഞ്ച് ലക്ഷത്തോളം വോട്ടുകള്‍ക്കാണ് വാരണാസിയിലെ ജനങ്ങള്‍ മോദിയെ വിജയിപ്പിച്ചത്. വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തിലും മോദി സന്ദര്‍ശനം നടത്തി.

content highlights: The nation might have elected me as the PM but for you, I am a worker says PM Modi