ജഹാനാബാദ്(ബിഹാര്‍): ലോക്സഭാ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് എത്തുന്നതിനിടെ 'ബിഹാറില്‍ ഞാനാണ് രണ്ടാം ലാലു' എന്ന് പ്രഖ്യാപിച്ച് ആര്.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവിന്റെ മൂത്തമകന് തേജ് പ്രതാപ് യാദവ് രംഗത്തെത്തി.
ലാലു ജയിലിലായതോടെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്ന മൂന്നാം മകന് തേജസ്വി യാദവിനെതിരേയാണ് അദ്ദേഹം പരസ്യപ്രഖ്യാപനം നടത്തിയത്. ''ഞാന്‍ ലാലുവിന്റെ രക്തമാണ്. അദ്ദേഹമാണ് ഞങ്ങളുടെ ദൈവവും ഗുരുവും'' -ജഹാനാബാദിലെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ തേജ് പ്രതാപ് പറഞ്ഞു.
''ലാലുപ്രസാദ് യാദവ് വളരെ ഊര്‍ജസ്വലനായിരുന്നു. അദ്ദേഹം ദിവസത്തില്‍ 10-12 പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. ഇപ്പോള്‍, രണ്ട്-നാല് പരിപാടി പിന്നിടുന്നതോടെ നേതാക്കള്‍ തളര്‍ന്നുവീഴുകയാണ്'' -അദ്ദേഹം പരിഹസിച്ചു. പങ്കെടുക്കാമെന്നേറ്റ റാലികളും പ്രചാരണപരിപാടികളും ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് തേജസ്വി യാദവ് ഒഴിവാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറ്റപ്പെടുത്തല്‍.
ചെരിപ്പുനക്കികളെയാണ് തേജസ്വി യാദവ് സ്ഥാനാര്ഥികളാക്കിയിരിക്കുന്നതെന്നും തേജ് പ്രതാപ് കുറ്റപ്പെടുത്തി. ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ ജഹാനാബാദില്‍ മത്സരിക്കുന്ന ചന്ദ്രപ്രകാശ് ഒരു ലക്ഷത്തില്‍പ്പരം വോട്ടിന് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഭാര്യാപിതാവിനെ തോല്‍പ്പിക്കാനും തേജ് പ്രതാപ് പ്രചാരണത്തിനിറങ്ങി. ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍ ആര്.ജെ.ഡി. ടിക്കറ്റില്‍ തന്നെയാണ് ഭാര്യാപിതാവ് ചന്ദ്രികാ റായ് ജനവിധി തേടുന്നത്. അദ്ദേഹത്തെ പിന്തുണയ്ക്കരുതെന്നും വോട്ട് ചെയ്യരുതെന്നും തേജ് പ്രതാപ് പ്രചാരണയോഗത്തില്‍ പറഞ്ഞു. അകന്നുകഴിയുന്ന ഭാര്യയെ താന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമെന്ന ചന്ദ്രികാ റായിയുടെ പ്രസ്താവനയും അദ്ദേഹം തള്ളി. വിവാഹമോചന ഹര്‍ജി കോടതിയിലാണ്. അതില്‍ തന്റെ നിലപാടില്‍ മാറ്റമില്ല- തേജ് പ്രതാപ് വ്യക്തമാക്കി.
ആര്.ജെ.ഡി.യുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് സരണ്‍ മണ്ഡലം. ഭാര്യാപിതാവിനെതിരേ മത്സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞമാസം തേജ് പ്രതാപ് ആ തീരുമാനം ഉപക്ഷിച്ചു.
ലാലു-റാബ്രി ദമ്പതിമാര്‍ക്ക് ഒമ്പത് മക്കളാണുള്ളത്. നിതീഷ് മന്ത്രിസഭയില്‍ തേജസ്വിയെ രണ്ടാമനാക്കിയപ്പോഴാണ് മക്കള്‍പ്പോര് തുടങ്ങിയത്. മൂത്ത രണ്ടുമക്കളെ തഴഞ്ഞ് പാര്‍ട്ടിയുടെ ചുമതല തേജസ്വിക്ക് കൈമാറിയതും പോര് കടുപ്പിച്ചു. തേജ് പ്രതാപ് യാദവും സഹോദരി മിസഭാരതിയും ഒരു വശത്തും തേജസ്വിയാദവ് ഏകനായി മറുവശത്തും എന്നതാണ് സ്ഥിതി.
Content Highlights: tej pratap yadav says he is the second lalu prasad yadav in bihar