ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തലസ്ഥാനം സാക്ഷിയാകാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം. വൈകിട്ട് ഏഴ്മണിക്ക് നടക്കുന്ന ചടങ്ങുകളിലേക്ക് ഏഴായിരത്തോളം ആളുകള്‍ക്കാണ് ക്ഷണം. സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ ബിംസ്റ്റെക്ക് രാഷ്ട്ര തലവന്‍മാര്‍ ഡല്‍ഹിയിലെത്തി. അതേസമയം മന്ത്രിസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. നിയുക്ത മന്ത്രിസഭയിലെ അംഗങ്ങള്‍ വൈകിട്ട് നാലിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ആദ്യ മോദി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി തുടങ്ങിയവര്‍ ഈ മന്ത്രിസഭയിലും തുടർന്നേക്കും. മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത് എന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും സുഷമാ സ്വരാജിനേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. ധനവകുപ്പിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അരുണ്‍ ജെയ്റ്റ്‌ലി തുടരില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അമിത് ഷാ ജെയ്റ്റ്‌ലിയുമായും പിയൂഷ് ഗോയലുമായും ചര്‍ച്ച നടത്തി. 

മുതിര്‍ന്ന അംഗങ്ങള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ട്. ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്‍.സി.പി റായ്, സുരേഷ് അങ്ഗടി തുടങ്ങിയവരാണ് പുതുമുഖങ്ങള്‍. ഇവര്‍ക്ക് മന്ത്രി സഭയില്‍ ചേരാന്‍ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫോണ്‍ സന്ദേശം ലഭിച്ചു. അപ്പോഴും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. 

ഇവര്‍ തുടരും

രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, രാമദാസ് അതാവ്‌ലേ, പ്രഹ്ലാദ് ജോഷി, മുക്താര്‍ അബ്ബാസ് നക്‌വി, ബാബുല്‍ സുപ്രിയോ, നിത്യാനന്ദ റായ്, സഞ്ചീവ് ബലിയാന്‍, അനുപ്രിയ പട്ടേല്‍, തവര്‍ ചന്ദ് ഗെഹ്‌ലോത്, ഹര്‍സിംറത്ത് കൗര്‍, സദാനന്ദ ഗൗഡ, കിരണ്‍ റിജിജു, മന്‍സൂഖ് മന്താവ്യ, റാവു ഇന്ദ്രജിത് സിങ്.

ഇവര്‍ പുതുമുഖങ്ങള്‍ 

ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്‍.സി.പി റായ്, സുരേഷ് അങ്ഗടി, കിഷന്‍ റെഡ്ഡി, പ്രഹ്ലാദ് ജോഷി, പുരുഷോത്തം റുപ.

content highlights: BJP, NDA, Narendra Modi, Cabinet