ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം നല്‍കുമെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പട്ടിണിക്കെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്ന് രാഹുല്‍ ഗാന്ധി. മിനിമം വരുമാനം പദ്ധതി 2019-ന് ശേഷം രാജ്യത്ത് ഒരാളും പട്ടിണികിടക്കില്ലെന്ന് ഉറപ്പ് തരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

ഇതൊരു ബോംബായി മാറും. പട്ടിണിക്കെതിരായ കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണിത്. ബിജെപി ശ്രമിച്ചത് പാവപ്പെട്ടവരെ ഉപേക്ഷിക്കുവാനാണ്‌.  നമ്മള്‍ ദാരിദ്ര്യത്തെ ഉപേക്ഷിക്കാനാണ് പോകുന്നതെന്നും രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ദാരിദ്രരേഖക്ക് താഴെയുള്ളവരെ വീണ്ടും പിറകോട്ടടിപ്പിച്ചിരിക്കുകയാണ് ഇപ്പോഴത്തെ ഭരണകൂടം. 21-ാം നൂറ്റാണ്ടിലും 25 കോടി ജനങ്ങള്‍ പട്ടിണിക്കാരാണെന്ന് പറയുന്നത് രാജ്യത്തിന് കളങ്കമാണ്. നമ്മുടെ പുതിയ പദ്ധതി നടപ്പാക്കിയാല്‍ രാജ്യത്ത് ഒരാളും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജനസംഖ്യയുടെ 20 ശതമാനം വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം കുറഞ്ഞത് 12,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 'ന്യൂനതം ആയ് യോജന (ന്യായ് -കുറഞ്ഞ വരുമാന പദ്ധതി)' എന്ന പദ്ധതിയടങ്ങിയ പ്രകടനപത്രികയ്ക്ക് തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം അംഗീകാരം നല്‍കുകയായിരുന്നു.

അഞ്ചുകോടിയോളം കുടുംബങ്ങളിലെ 25 കോടിയോളം ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പദ്ധതി പ്രഖ്യാപിച്ച്  രാഹുല്‍ ഗാന്ധി പറഞ്ഞത്.

Content Highlights: Surgical strike on poverty, says Rahul Gandhi on minimum income poll promise