ന്യൂഡല്‍ഹി: പുതിയ മന്ത്രിസഭയില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറെ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിതമായിരുന്നെങ്കിലും ആരെയും അത് അമ്പരപ്പിച്ചില്ല. വിദേശകാര്യ നയരൂപവത്കരണത്തിലും അതു നടപ്പാക്കുന്നതിലും ആദ്യ ടേമില്‍ പ്രധാനമന്ത്രി ഏറ്റവുമധികം ആശ്രയിച്ച ഉദ്യോഗസ്ഥനാണ് ജയ്ശങ്കര്‍. വിദേശനയ രൂപവത്കരണത്തിലും തന്ത്രപ്രധാനമായ തീരുമാനങ്ങളിലും പ്രധാനമന്ത്രി മോദിയുടെ വലംകൈ ആയാണ് അദ്ദേഹത്തെ പരിഗണിച്ചിരുന്നത്.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലംമുതല്‍ ജയ്ശങ്കറുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയായിരിക്കേ, മോദി ചൈന സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ജയ്ശങ്കര്‍. അന്നാണ് ഇരുവരുടെയും സൗഹൃദത്തിനു തുടക്കം. 

മോദി അധികാരമേല്ക്കുമ്പോള്‍ അമേരിക്കയിലെ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ജയ്ശങ്കര്‍.  2007-ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ ഭരണകാലയളവില്‍ യു.എസുമായുള്ള ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനു പ്രവര്‍ത്തിച്ച സംഘത്തിലെ പ്രധാനിയായിരുന്നു അദ്ദേഹം. 2015-ല്‍ സുജാത സിങ്ങിനെ അപ്രതീക്ഷിതനീക്കത്തിലൂടെ പുറത്താക്കിയാണ് മോദി സര്‍ക്കാര്‍ ജയ്ശങ്കറിനെ അന്നത്തെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുന്നത്. മുതിര്‍ന്ന ഒട്ടേറെ ഉദ്യോഗസ്ഥരെ മറികടന്നായിരുന്നു നിയമനം. 

കഴിഞ്ഞ സര്‍ക്കാരില്‍ സുഷമാ സ്വരാജ് കൈകാര്യം ചെയ്തിരുന്ന വിദേശാകാര്യം തന്നെയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. 

2014-15 കാഘട്ടത്തില്‍ യുഎസ്എയിലും 2009-13 ല്‍ ചൈനയിലും 2001-04 ല്‍ ചെക്ക് റിപ്പബ്ലിക്കിലും ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷഠിച്ചിട്ടുണ്ട്. 2007 മുതല്‍ രണ്ട് വര്‍ഷം സിംഗപൂരില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായിരുന്നു.

Content Highlights: subrahmanyam jaishankar-minister of external affairs of india