ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിയും പങ്കെടുക്കും. മേയ് 30 വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്യുക. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് ബിജെപി സര്‍ക്കാരിലെ പ്രധാനമന്ത്രിയടക്കമുള്ളവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. 

പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളെയും സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടും ചടങ്ങില്‍ പങ്കെടുക്കില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 

സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിംസ്റ്റെക് അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാരായിരിക്കും മുഖ്യാതിഥികള്‍. ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ കൂട്ടായ്മയിലെ അംഗങ്ങള്‍. അതേ സമയം അയല്‍ രാജ്യങ്ങളെയെല്ലാം ക്ഷണിച്ചിട്ടുണ്ടെങ്കിലും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ക്ഷണിച്ചതായി സൂചനയില്ല.

Content Highlights: Sonia Gandhi, Narendra Modi’s swearing in ceremony, lok sabha election 2019