ന്യൂഡല്‍ഹി: അമേഠിയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടാല്‍ രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച നവജ്യോത് സിങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസം. രാഹുല്‍ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടതോടെ സിദ്ദു എത്രയുംപെട്ടെന്ന് രാജി പ്രഖ്യാപിക്കണമെന്നും പറഞ്ഞ വാക്കുപാലിക്കണമെന്നുമാണ് നിരവധിപേര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി #SidhuQuitPolitics എന്ന ഹാഷ്ടാഗിലാണ് ട്വീറ്റുകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നത്. 

പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രാഹുല്‍ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് സിദ്ദുവിന്റെ പ്രഖ്യാപനം സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായത്. 

സിദ്ദുവിന് ഓര്‍മ്മ നശിച്ചോ എന്നും പറഞ്ഞ വാക്ക് പാലിക്കണമെന്നുമാണ് വിവിധ ട്വീറ്റുകളിലെ വാക്കുകള്‍. സിദ്ദു പറഞ്ഞ വാക്കുപാലിക്കുന്ന പുരുഷനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു മറ്റു ചിലരുടെ ട്വീറ്റുകള്‍. 

Content Highlights: sidhu quits politics trends in social media after rahul gandhi's defeat in amethi