ലഖ്നൗ: ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ കേന്ദ്രമന്ത്രി രാജ്നാഥ് സിങിനെതിരേ മത്സരിക്കും. ലഖ്നൗ ലോക്സഭ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് നടി പൂനം സിന്‍ഹ മത്സരിക്കുകയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലഖ്നൗവില്‍ മത്സരിക്കുന്ന പൂനം സിന്‍ഹയെ ബി.എസ്.പി.യും പിന്തുണയ്ക്കും. കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസും പൂനം സിന്‍ഹയെ പിന്തുണക്കുമെന്നാണ് സൂചന. ഇതോടെ രാജ്നാഥ് സിങും പൂനം സിന്‍ഹയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിന് ലഖ്നൗ വേദിയാകും.
സിന്ധി, കയസ്ത വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ഥിയായി പൂനം സിന്‍ഹ മത്സരിക്കുമ്പോള്‍ വിജയം സുനിശ്ചതമാണെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം, ലഖ്നൗ ബി.ജെ.പി. കോട്ടയാണെന്നും രാജ്നാഥ് സിങ് നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും വിജയം ആവര്‍ത്തിക്കാന്‍ സഹായിക്കുമെന്ന് ബി.ജെ.പി. നേതാക്കളും പറയുന്നു. ഇറക്കുമതി സ്ഥാനാര്‍ഥിയെ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെട്ടു.
അതിനിടെ, ബി.ജെ.പി. വിട്ട ശത്രുഘ്നന്‍ സിന്‍ഹ ബിഹാറിലെ പാട്നസാഹിബ് ലോക്സഭ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നടനും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ ദിവസങ്ങള്‍ക്കുമുമ്പാണ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ബി.ജെ.പിയില്‍ അസംതൃപ്തനാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്.
Content Highlights: shatrughnan sinha's wife poonam sinha to contest from lucknow against union minister rajnath singh