ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത നിഷേധിച്ച് പ്രശസ്ത ഗായികയും നര്‍ത്തകിയുമായ സപ്‌ന ചൗധരി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തനിക്ക് ഒരുപോലെയാണ്. ഞാനൊരു കലാകാരി മാത്രമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കായി  പ്രചാരണത്തിനിറങ്ങില്ലെന്നും അവര്‍ വ്യക്തമാക്കി. 

സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് അവര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പ്രിയങ്കാ ഗാന്ധിക്കൊപ്പം സ്പന  നില്‍ക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പഴയ ചിത്രമാണെന്നാണ് സപ്‌നയുടെ വിശദീകരണം. 

കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ രാജ് ബബ്ബാറുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും അവര്‍ നിഷേധിച്ചു. സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ സ്പന ചൗധരി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് തെളിവുകളുണ്ടെന്ന അവകാശവാദവുമായി യുപി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Sapna Choudhary denies joining Congress