പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ പുതിയ പുസ്തകം പ്രകാശനം ചെയ്ത് പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ്. സംഘപരിവാറും കോര്‍പ്പറേറ്റ് രാഷ്ട്രീയവും എന്ന പേരിലുള്ള പുസ്തകത്തില്‍ പലതവണയായി അദ്ദേഹം എഴുതിയ 17 ലേഖനങ്ങളാണുള്ളത്. ഇതില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനവും ഉള്‍പ്പെടുന്നു.

MB Rajesh Bookകള്ളപ്പണക്കാരുടെ പട്ടികയില്‍ കാവിപ്പടയുടെ അഭ്യുദയകാംക്ഷികള്‍ ഒട്ടേറെയുണ്ടെന്ന് കണ്ടപ്പോള്‍ പെട്ടന്ന് നെഞ്ചളവ് ചുരുങ്ങിപ്പോയ മോഡി യു.പി.എ സര്‍ക്കാരിനേ പോലെ പേര് വെളിപ്പെടുത്താനാവില്ല എന്ന് മലക്കം മറിഞ്ഞപ്പോള്‍ ഞങ്ങള്‍ പറഞ്ഞത് തന്നെ ഇപ്പോള്‍ നിങ്ങളും പറയുന്നല്ലോ എന്ന അടക്കിപ്പിടിച്ച ആഹ്ലാദവും ആശ്വാസവും പങ്കുവെയ്ക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് ഭരണ വര്‍ഗത്തിന്റെ ഇരട്ടക്കുട്ടികള്‍ എന്ന ലേഖനത്തില്‍ അദ്ദേഹം പറയുന്നു. പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ എന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം തന്നെയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം. ഇത് ചൂണ്ടിക്കാട്ടിയവരില്‍ പ്രതിപക്ഷവും വിമര്‍ശകരും മാത്രമല്ല ബി.എം.എസ് പോലുള്ള പരിവാര്‍ സംഘടനകളും ഉള്‍പ്പെടുന്നുണ്ടെന്ന് പുസ്തകത്തില്‍ എം.ബി.രാജേഷ് പറയുന്നു.

അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മാധ്യമ സ്വയം സേവകര്‍ എന്ന ലേഖനത്തില്‍ അദ്ദേഹം നടത്തിയിരിക്കുന്നത്. കത്തെഴുതിയത് അര്‍ണബുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപ്രശസ്തനായ ഒരാളായിരുന്നിട്ടും ഇത്രയേറെ സ്വീകാര്യത കത്തിന് കിട്ടിയത് ആരു പറഞ്ഞു എന്നതിനപ്പുറമുള്ള സാംഗത്യം ആ കത്തിന്റെ ഉള്ളടകത്തിനുണ്ടായി എന്നതുകൊണ്ടാണെന്ന് രാജേഷ് എഴുതിയിരിക്കുന്നു. രജ്ദീപ് സര്‍ദേശായി എന്ന അവതാരകന് അമേരിക്കയില്‍ സംഘി സഹയാത്രികരില്‍ നിന്നുണ്ടായ ശാരീരികാക്രമണം നല്‍കുന്ന സൂചനകള്‍ ആര്‍ക്കാണ് മനസിലാവാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

തൊഴില്‍ രഹിതരായ ഇന്ത്യന്‍ യുവത്വം, വാസ്തവം കാവി ക്രൂരത, ജാലിയന്‍വാലാബാഗ് അലോസരമാകുന്നത് ആര്‍ക്ക്, കളിയിലെ കാര്യങ്ങള്‍, വിവേകാനന്ദന്റെ നേരവകാശികള്‍, രാഷ്ട്രീയബോധത്തെ കുത്തിക്കൊല്ലുന്ന മതതീവ്രവാദം തുടങ്ങിയവയാണ് പുസ്തകത്തിലെ മറ്റധ്യായങ്ങള്‍. തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് യഥാര്‍ത്ഥത്തില്‍ ഈ പുസ്തകത്തിലുള്ള 17 ലേഖനങ്ങളിലും അന്തര്‍ധാരയായുള്ളതെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. യഥാര്‍ഥത്തില്‍ മൂന്ന് മാസം മുമ്പേ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തെ സഹായിക്കുന്ന രീതിയില്‍. പക്ഷേ വൈകി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിട്ട് പ്രസിദ്ധീകരിക്കേണ്ട സ്ഥിതി ഉണ്ടാവുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

പാലക്കാട്ട് ഞായറാഴ്ച നടന്ന ചടങ്ങില്‍ മന്ത്രി എ.കെ.ബാലനാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രോഗ്രസ് ബുക്‌സാണ് പ്രസാധകര്‍.

Content Highlights: MB Rajesh, Sanghaparivarum Corporate Rashtreeyavum, Loksabha Election 2019