തിരുവനന്തപുരം: ശബരിമല മുഖ്യതെരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കുമെന്ന് കുമ്മനം രാജശേഖരന്‍. ശബരിമലയെന്നത് നിമിത്തമാണെന്നും വിഷയം മതസ്വാതന്ത്ര്യമാണെന്നും കുമ്മനം വ്യക്തമാക്കി. ഒന്നോ രണ്ടോ ദിവസത്തിനകം ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക തയാറാകുമെന്നും സംസ്ഥാനവ്യാപകമായി പ്രചരണം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല വിഷയം ബി ജെ പി ക്ക് അനുകൂലമാകും. ശബരിമല പ്രക്ഷോഭകാലത്ത് ഇവിടെയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നുവെന്നും കുമ്മനം പറഞ്ഞു. ജനകീയവിഷയമാണ് ശബരിമല. അതോടൊപ്പം അതിന് കൃത്യമായ രാഷ്ട്രീയവുമുണ്ട്. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെങ്കില്‍ അപ്പോള്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടുമെന്നും കുമ്മനം വിശദീകരിച്ചു. 

കോടതിവിധിയില്‍ പാകപ്പിഴയുണ്ടെങ്കില്‍ ഓര്‍ഡിനന്‍സുവഴി കേരളത്തിലെ വിശ്വാസികളെ സംരക്ഷിക്കും. സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ല, റിവ്യൂ പെറ്റിഷന്‍ കോടതി പരിഗണിക്കുന്നത് പാകപ്പിഴകള്‍ ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ ആയിരക്കണക്കിന് ജനങ്ങളെ ജയിലിലാക്കിയിരിക്കുന്നത് രാഷ്ട്രീയമായ അടിച്ചമര്‍ത്തലുകളുടെ തെളിവാണ്.കേരളം ഇത്തവണ നേരിടാന്‍ പോകുന്നത് ത്രികോണ മത്സരമാണ്. ഇങ്ങനെ മുന്നോട്ട് പോകുകയാണെങ്കില്‍ ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും ഉണ്ടാകും. എല്‍ ഡി എഫും കോണ്‍ഗ്രസും കൈകോര്‍ക്കുന്ന കാഴ്ചകാണേണ്ടിവരുമെന്നും കുമ്മനം വ്യക്തമാക്കി.

അതേ സമയം ആര്‍ എസ് എസോ ബി ജെ പിയോ ആവശ്യപ്പെട്ടിട്ടല്ല രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുന്നത്. സജീവരാഷ്ടീയത്തിലേക്ക് തിരികെ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. 

Content Highlights: Sabarimala, Possitive Impact on Election, Kummanam