കോഴിക്കോട്: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായ കോഴിക്കോട്ടെ ബി.ജെ.പി. സ്ഥാനാര്‍ഥി കോടതിയില്‍ കീഴടങ്ങും. എട്ട് കേസുകളില്‍ പ്രതിയായ ബി.ജെ.പി. സ്ഥാനാര്‍ഥി കെ.പി. പ്രകാശ്ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും നിഷേധിച്ചതോടെയാണ് അദ്ദേഹം പത്തനംതിട്ട കോടതിയില്‍ കീഴടങ്ങുന്നത്. ജാമ്യം ലഭിക്കും വരെ സ്ഥാനാര്‍ഥി ഇല്ലാതെയാകും കോഴിക്കോട് മണ്ഡലത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. 

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എട്ട് കേസുകളിലാണ് പ്രകാശ്ബാബുവിനെ പ്രതിചേര്‍ത്തിരിക്കുന്നത്. കേസില്‍ മുൻകൂർ ജാമ്യം ലഭിക്കാനായി പ്രകാശ്ബാബു ജില്ലാ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി. ഇതോടെയാണ് മാര്‍ച്ച് 25-ന് കോടതിയില്‍ കീഴടങ്ങാന്‍ പ്രകാശ്ബാബു തീരുമാനിച്ചത്. 

തിങ്കളാഴ്ച പത്തനംതിട്ട ജില്ലാ കോടതിയില്‍ കീഴടങ്ങുന്ന സ്ഥാനാര്‍ഥിയെ കോടതി റിമാന്‍ഡ് ചെയ്‌തേക്കും. അങ്ങനെയെങ്കില്‍ പ്രകാശ്ബാബു ജാമ്യംതേടി ഹൈക്കോടതിയെ സമീപിക്കും.

അതേസമയം, ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കള്ളക്കേസുകളിലാണ് തന്നെ പ്രതിചേര്‍ത്തിരിക്കുന്നതെന്നും അതില്‍ അഭിമാനം മാത്രമേയുള്ളൂവെന്നും കെ.പി. പ്രകാശ്ബാബു പ്രതികരിച്ചു. കോടതിയില്‍ കീഴടങ്ങിയശേഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: sabarimala protest case; kozhikode bjp candidate kp prakashbabu will be surrender in court