ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഫെയിസ്ബുക്കിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. 

ഡല്‍ഹിയിലെ ബി.ജെ.പി. എം.എല്‍.എ. ഒ.പി ശര്‍മ്മ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്യാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

ചിത്രത്തില്‍ ഡല്‍ഹി വിശ്വാസ് നഗര്‍ ബി.ജെ.പി. എം.എല്‍.എ. മാര്‍ച്ച് ഒന്നിനാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരോടൊപ്പമുള്ള ചിത്രം ഫെയിസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനിക നടപടിയെ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശം വന്നതിന് തൊട്ടുപിന്നാലെയാണ് എം.എല്‍.എ പോസ്റ്റിട്ടത്‌.

അതേ സമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായതിനുശേഷം പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സാമൂഹികമാധ്യമങ്ങളിലും ബാധകമാവുകയും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ട ലംഘനമാവുകയും ചെയ്യും. 

രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളായ ഫെയിസ്ബുക്കിലും ട്വിറ്ററിലും ഇത്തരം ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ ഫില്‍റ്റര്‍ ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. 

Content Highlights: Remove Abhinandan Varthamans photo shared by BJP MLA OP Sharma EC directs Facebook