കോഴിക്കോട്:  മൂന്നാംസീറ്റെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം വെള്ളിയാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചയിലും ധാരണയാകാതെ പിരിഞ്ഞതോടെ കോണ്‍ഗ്രസ് നിര്‍ദേശിച്ച ബദല്‍ നിര്‍ദേശത്തില്‍ ഏത് സ്വീകരണിക്കണമെന്നതാണ് ഇനി ലീഗ് നേതൃത്വത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. ലീഗിന്റെ ആവശ്യം നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസവും വ്യക്തമാക്കിയതോടെയാണ് തല്‍ക്കാലം ആ സ്വപ്‌നം മാറ്റിവെക്കാന്‍ ലീഗ് തയ്യാറാവുന്നത് എന്നാണ് അറിയുന്നത്. പകരം കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ചില ബദല്‍ നിര്‍ദേശം സ്വീകരിക്കേണ്ടി വരും. 

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് ലീഗിനെ പരിഗണിക്കുക, നിയമസഭയിലേക്ക് മത്സരിക്കാന്‍ ലീഗിന് അധികമായി സീറ്റ് നല്‍കുക  തുടങ്ങിയ കാര്യങ്ങള്‍ കോണ്‍ഗ്രസ്  പകരമായി നിര്‍ദേശിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് സംബന്ധിച്ചും ലോക്‌സഭാ സീറ്റ് സംബന്ധിച്ചും ആറാംതീയതി ചേരുന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയുടെ യോഗത്തില്‍ അവസാന തീരുമാനമുണ്ടാവും. 

സീറ്റ് ചര്‍ച്ചയുടെ ആദ്യ ഘട്ടം മുതല്‍ മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു മുസ്‌ലിം ലീഗ്. ഇതിനായി സമസ്ത അടക്കമുള്ള സാമുദായിക സംഘടനകളും ലീഗിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സീറ്റ് കൂടുതല്‍ നല്‍കുക എന്നത് നടക്കാത്ത കാര്യമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ഇ.ടി മുഹമ്മദ് ബഷീറും, പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് ലീഗിന്റെ എം.പിമാര്‍. ഇവര്‍ തന്നെ ഇത്തവണയും ജനവിധി  തേടുമെന്നാണ് അറിയുന്നത്.
 
മൂന്നാം സീറ്റ് തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ലീഗിന് മുന്നെ തന്നെ ഏകദേശം ഉറപ്പായിയിരുന്നു. എങ്കിലും അണികള്‍ക്കിടയില്‍ മൂന്നാം സീറ്റിനായി അവസാന ഘട്ടം വരെ നിലവയുറപ്പിച്ചു എന്ന പ്രതീതിയുണ്ടക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നാണ് നേതൃത്വം കരുതുന്നത്. ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ ഇനി ചര്‍ച്ച ഉണ്ടാവില്ലെന്ന്  യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവും അറിയിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായില്ല. 

ഇനി കേരള കോണ്‍ഗ്രസുമായിട്ടാണ് കോണ്‍ഗ്രസിന് സീറ്റ് ചര്‍ച്ച നടത്തേണ്ടത്. രണ്ടാം സീറ്റെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യവും അംഗീകരിക്കാന്‍ ഇടയില്ല. ശേഷം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാലിന്  ചേരുന്നുണ്ട്. ആറിന് ലീഗിന്റെ ഉന്നതാധികാര കമ്മിറ്റി യോഗവും കൂടി ചേരുന്നതോടെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാവുമെന്ന് ചെന്നിത്തല വ്യക്തമാക്കി. 

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബെന്നിബഹനാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പികെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പി.വി അബ്ദുള്‍ വഹാബ്, എം.കെ മുനീര്‍ എന്നിവരാണ് ലീഗിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Content Highlights: Rajya Sabha seat Or assembly seat; Congress Gave Option To League  instead of third Seat