ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചു നില്‍ക്കണമെന്ന ഉപദേശവുമായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു അധ്യക്ഷ സമിതി തത്കാലം മുന്നോട്ടു കൊണ്ടുപോകുന്നതാവും നല്ലതെന്നും ബിജെപിയില്‍നിന്ന് കഴിഞ്ഞവര്‍ഷം രാജിവച്ച യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു.

രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാത്തപക്ഷം ജനങ്ങള്‍ക്കിടയിലുള്ള രാഹുലിന്റെ മതിപ്പ് വീണ്ടും കുറയും. പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകാന്‍ അധ്യക്ഷ സമിതി പോലെയുള്ള സംവിധാനങ്ങള്‍ കുറച്ചു കാലത്തേക്കെങ്കിലും ഏര്‍പ്പെടുത്തുന്നതാവും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ സംബന്ധിച്ച തീരുമാനം വൈകിക്കുന്നതിന്റെ പേരില്‍ രാഹുലിനെ യശ്വന്ത് സിന്‍ഹ വിമര്‍ശിച്ചിരുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ സഖ്യ ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വളരെയധികം വൈകിയിരിക്കുന്നുവെന്നും അദ്ദേഹം രാഹുലിനെ ഓര്‍മ്മപ്പെടുത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വന്നതിനു പിന്നാലെയാണ് രാഹുല്‍ഗാന്ധി പ്രവര്‍ത്തക സമിതിയെ രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു ഇത്. ഗാന്ധി കുടുംബത്തിന്റെ യു.പിയിലെ ശക്തികേന്ദ്രം ആയിരുന്ന അമേഠിയില്‍ പരാജയം നേരിടേണ്ടിവന്നതും രാഹുലിനെ നിരാശനാക്കിയിരുന്നു. രാജി തീരുമാനത്തില്‍നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ ശ്രമം നടത്തുന്നതിനിടെയാണ് യശ്വന്ത് സിന്‍ഹയുടെ അഭിപ്രായ പ്രകടനം.

Content Highlights: Rahul Gandhi, Congress, Yashwant Sinha