പട്‌ന: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ആത്മഹത്യാപരമെന്ന് ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിലവില്‍ അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലു, റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു ദേശീയമാധ്യമത്തിനു നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറാനുള്ള രാഹുലിന്റെ തീരുമാനം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു മാത്രമല്ല, സംഘപരിവാറിനെതിരെ പോരാടുന്ന എല്ലാ ശക്തികള്‍ക്കും മരണമണി മുഴക്കുമെന്ന് ലാലു പറഞ്ഞു. ഗാന്ധികുടുംബത്തില്‍നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷസ്ഥാനത്ത് എത്തിയാല്‍, ആ വ്യക്തിയെ 'ഗാന്ധികുടുംബത്തിന്റെ പാവ' എന്നായിരിക്കും എതിരാളികള്‍ വിശേഷിപ്പിക്കുക. എന്തിനാണ് അതിനുള്ള അവസരം രാഹുല്‍ തന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് നല്‍കുന്നത്- ലാലു ആരാഞ്ഞു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോദിയുടെ വിജയം തങ്ങളുടെ കൂട്ടായ പരാജയമാണെന്ന് പ്രതിപക്ഷം അംഗീകരിക്കണം. എവിടെയാണ് തെറ്റുപറ്റിയതെന്ന് പ്രതിപക്ഷം പരിശോധിക്കണമെന്നും ലാലു ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള തീരുമാനം രാഹുല്‍ സ്വീകരിച്ചത്.

content highlights: rahul gandhi's resignation will be suicidal for congress says lalu prasad yadav