ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്നത് ചരിത്ര നിയോഗമെന്ന് രാഹുല്‍ ഗാന്ധി.  വോട്ടര്‍മാരോടുള്ള അഭ്യര്‍ഥനയിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. വയനാടിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മതത്തിന്റെ പേരിലും പ്രത്യയശാസ്ത്രത്തിന്റെ പേരിലുമുള്ള ഹിംസയുടെ രാഷ്ട്രീയം പിഴുതെറിയണമെന്ന് രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നു.  

ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടം ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ പോരാടിയ കേരളവര്‍മ പഴശ്ശിരാജയുടെ മണ്ണില്‍ നിന്ന് തുടങ്ങാമെന്ന് വോട്ടര്‍മാരോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്യുന്നു. വയനാടിനൊപ്പം എന്നുമുണ്ടാകും. വയനാട് നല്‍കുന്ന സ്‌നേഹവും വിശ്വാസവും പതിന്മടങ്ങായി തിരിച്ചുനല്‍കുമെന്നും അഭ്യര്‍ഥനയില്‍ പറയുന്നു.

പ്രളയത്തില്‍ നശിച്ചുപോയ വയനാടിനെ പുനര്‍നിര്‍മിക്കാന്‍ എക്കാലവും വയനാടിനൊപ്പമുണ്ടാകുമെന്നും രാഹുല്‍ പറയുന്നു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാല്‍ രണ്ടിടത്തും ജയിച്ചാല്‍ വയനാട് മണ്ഡലം ഉപേക്ഷിക്കില്ലെന്ന സൂചനകള്‍ നല്‍കുന്നതാണ് അഭ്യര്‍ഥനയിലെ വാചകങ്ങള്‍. ഒരു രാഷ്ട്രീയ കക്ഷികളെയും പേരെടുത്ത് വിമര്‍ശിക്കുന്നില്ല, എന്നാല്‍ ബിജെപിക്കെതിരെയും സിപിഎമ്മിനെതിരെയുമുള്ള പരോക്ഷ വിമര്‍ശനങ്ങള്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി തയ്യാറാക്കിയ അഭ്യര്‍ഥനയില്‍ ഉണ്ട്. 

കെ.സി വേണുഗോപാല്‍, എ.കെ. ആന്റണി, മുകുള്‍ വാസ്‌നിക് തുടങ്ങിയ എഐസിസി നേതാക്കള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചചെയ്ത് തയ്യാറാക്കിയ അഭ്യര്‍ഥനയാണ്. രണ്ട് ദിവസങ്ങള്‍ക്കകം ഇത് വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിക്കും. 

Content Hioghlights: Rahul Gandhi promise to voters