ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ശരദ് പവാറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച.

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായും വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും ശരദ് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചും മഹാരാഷ്ട്രയിലെ വരള്‍ച്ചയെക്കുറിച്ചും രാഹുലുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലയനം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

എന്‍സിപി- കോണ്‍ഗ്രസ് ലയനം സംബന്ധിച്ച് പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കുമുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സാധ്യതകളും തേടുമെന്നും അവര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഒന്നിച്ചു മത്സരിച്ച കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് വന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. 48 സീറ്റുകളില്‍ 41 സീറ്റുകളിലും ബിജെപി-ശിവസേന സഖ്യമാണ് വിജയിച്ചത്. എന്‍സിപിക്ക് നാല് സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റിലേയ്ക്ക് ഒതുങ്ങി. കഴിഞ്ഞ ദിവസം രണ്ടു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ മുംബൈയില്‍ യോഗം ചേരുകയും തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുകയും ചെയ്തിരുന്നു. 

പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കണമെങ്കില്‍ ആകെ അംഗസംഖ്യയുടെ പത്ത് ശതമാനം അംഗങ്ങളെങ്കിലും വേണം. അതു പ്രകാരം ആവശ്യമായ അംഗങ്ങളുടെ എണ്ണം 54 ആണ്. കോണ്‍ഗ്രസിനുള്ളത് 52 അംഗങ്ങളാണ്. അഞ്ച് എംപിമാരുള്ള എന്‍സിപി കൂടി ചേര്‍ന്നാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നതിനാവശ്യമായ എണ്ണം തികയും. ഈ സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് സൂചന.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായും രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ചര്‍ച്ച നടത്തി. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലുള്ള സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായാണ് സൂചന.

Content Highlights: Rahul Gandhi meets Sharad Pawa, Congress-NCP merger