ഷിംല: നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയത് ഗംഗാപുത്രനായാണെങ്കിലും താമസിയാതെ ആ പദവിയില്‍ നിന്നിറങ്ങുന്നത് റഫാല്‍ അഴിമതി ഏജന്റ് എന്ന പേരിലായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത്‌ സിങ് സിദ്ധു. റഫാല്‍ ഇടപാടില്‍ ബ്രോക്കര്‍ ചാര്‍ജ് വാങ്ങിയിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും സിദ്ധു ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി ഒരു വലിയ സംഭവമാണെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു. രാഹുല്‍ പീരങ്കിയാണെന്നും താന്‍ ഒരു എകെ 47 തോക്കാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നരേന്ദ്രമോദിയുടെ ഭരണം അവസാനിക്കുമെന്നും സിദ്ധു ഓര്‍മിപ്പിച്ചു. 

അഴിമതിക്കാരനല്ലെന്നും അഴിമതി അനുവദിക്കില്ലെന്നും ഉറപ്പിച്ചു പറയാന്‍ മോദിയ്ക്ക് സാധിക്കുമോയെന്നും സിദ്ധു ചോദിച്ചു. ബിലാസ്പുരിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാന്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് നേരത്തേ സിദ്ധു പറഞ്ഞിരുന്നു. 

Content Highlights: Lok Sabha Election, Rahul Gandhi, Narendra Modi, Navjoy Singh Sidhu