അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ സിറ്റിങ് സീറ്റായ അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമ്മ സോണിയ ഗാന്ധിയടക്കം കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ്‌ അദ്ദേഹം പത്രിക നല്‍കിയത്‌. പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി പ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് കിലോമീറ്റര്‍ രാഹുലിന്റെ മെഗാ റോഡ് ഷോയുമുണ്ടായിരുന്നു. 

സഹോദരി പ്രിയങ്കാ ഗാന്ധി, അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, ഇവരുടെ മക്കളായ റെയ്ഹാന്‍, മിറായ എന്നിവരും റോഡ് ഷോയില്‍ പങ്കെടുത്തു. അമേഠിയില്‍ രാഹുലിനെ വരവേല്‍ക്കാന്‍ വന്‍ജനക്കൂട്ടവും എത്തിയിരുന്നു. റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും പുഷ്പങ്ങള്‍ വാരിയെറിഞ്ഞും രാഹുലിനെ വരവേറ്റു. 

2014-ല്‍  മത്സരിച്ച് പരാജയപ്പെട്ട കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്നെയാണ് ഇത്തവണയും അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കുന്നത്. 

അമേഠിയെ കൂടാതെ ഇത്തവണ രാഹുല്‍ വയനാട്ടിലും മത്സരിക്കുന്നുണ്ട്. വയനാട്ടില്‍ ഈ മാസം നാലിന് അദ്ദേഹം പത്രിക സമര്‍പ്പിച്ചിരുന്നു. പ്രിയങ്ക മാത്രമാണ് വയനാട്ടില്‍ രാഹുലിനെ അനുഗമിച്ചിരുന്നതെങ്കില്‍ അമേഠിയില്‍ അമ്മ സോണിയയടക്കം കുടുംബാംഗങ്ങള്‍ എല്ലാവരും എത്തി എന്നതാണ് പ്രത്യേകത. ഇത് നാലാം തവണയാണ് അമേഠിയില്‍ നിന്ന് രാഹുല്‍ ജനവധി തേടുന്നത്.

2014-ല്‍ പരാജയപ്പെട്ടെങ്കിലും അതിന് ശേഷം മണ്ഡലത്തിലുണ്ടാക്കിയിട്ടുള്ള സ്വാധീനം രാഹുലിനെ അട്ടിമറിക്കാനാവുമെന്ന് ഉറച്ച വിശ്വാസത്തിലാണ് സ്മൃതി ഇറാനിയും ബിജെപിയും. അമേഠിയിലെ പരാജയഭീതി കൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. 

അതേ സമയം എസ്പി-ബിഎസ്പി സഖ്യം അമേഠിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് രാഹുലിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. അമേഠിയെ കൂടാതെ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ല. 2014-ല്‍ യുപിയിലെ ആകെയുള്ള 80 സീറ്റുകളില്‍ ഈ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായിരുന്നത്.  

Content Highlights: Rahul Gandhi Files Nomination From Amethi, Family Joins Him