ന്യൂഡല്‍ഹി: ബി ജെ പിയുടെ തിരഞ്ഞെടുപ്പു പ്രകടന പത്രികയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി ജെ പി പ്രകടനപത്രിക ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണെന്നും ദീര്‍ഘവീക്ഷണമില്ലാത്തതാണെന്നും രാഹുല്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. 

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക രൂപവത്കരിക്കപ്പെട്ടത് ചര്‍ച്ചകളിലൂടെയാണെന്നും അത് ദശലക്ഷത്തിലധികം ഇന്ത്യക്കാരുടെ ശബ്ദമാണെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.

ശക്തമായതും വിവേകത്തോടെയുള്ളതുമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും രാഹുല്‍ പറഞ്ഞു. ബി ജെ പിയുടെ പ്രകടനപത്രിക രൂപവത്കരിക്കപ്പെട്ടത് അടച്ചിട്ട മുറിയിലാണ്. അത് ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ്. ദീര്‍ഘവീക്ഷണമില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമാണ് ബി ജെ പി പ്രകടന പത്രികയെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു. 

തിങ്കളാഴ്ചയാണ് ബി ജെ പിയുടെ പ്രകടന പത്രിക സങ്കല്‍പ് പത്രിക പുറത്തിറക്കിയത്. വികസനത്തോടൊപ്പം ഹിന്ദുത്വവും ദേശീയതയും മുദ്രാവാക്യങ്ങളായി വീണ്ടുമുയര്‍ത്തിക്കൊണ്ടുള്ളതാണ് പ്രകടന പത്രിക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് ഡല്‍ഹിയിലാണ് പത്രിക പുറത്തിറക്കിയത്. 

കോടതിവിധി വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും, പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കും, ജമ്മു കശ്മീരുമായി ബന്ധപ്പെട്ട 370, 35(എ) വകുപ്പുകള്‍ ഒഴിവാക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ പത്രികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

content highlioghts: rahul gandhi criticises bjp election manifesto