ന്യൂഡല്‍ഹി: ബി.ജെ.പി.ക്കെതിരേ മതേതരകക്ഷികളെ അണിനിരത്തുന്നതില്‍ കോണ്‍ഗ്രസിന്റെ കഴിവില്ലായ്മ തെളിയിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വമെന്ന് സി.പി.എമ്മിന്റെ രൂക്ഷവിമര്‍ശനം. പാര്‍ട്ടി മുഖപത്രമായ 'പീപ്പിള്‍സ് ഡെമോക്രസി'യിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം. മുസ്ലിം ലീഗിനു സ്വാധീനമുള്ള വയനാട്ടില്‍ അവരുടെ മുന്നണിസ്ഥാനാര്‍ഥിയായത് കോണ്‍ഗ്രസ് അധ്യക്ഷന്റെ മതേതരത്വപ്രകടനമായി കാണാനാവില്ലെന്നും സി.പി.എം. കുറ്റപ്പെടുത്തി. വയനാട്ടില്‍ പത്രിക നല്‍കാനെത്തിയ രാഹുല്‍, സി.പി.എമ്മിനെതിരേ താനൊന്നും പറയില്ലെന്നു നിലപാടെടുത്തതിനു പിന്നാലെയാണ് സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ രൂക്ഷവിമര്‍ശനം വന്നത്.

തെറ്റായദിശയിലുള്ള സഞ്ചാരമാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം. ദക്ഷിണേന്ത്യയില്‍ വര്‍ഗീയവിഭജനമുണ്ടാക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നതായും അതിനെതിരേയാണ് രാഹുലിന്റെ മത്സരമെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. അങ്ങനെയെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് കര്‍ണാടകത്തില്‍ മത്സരിച്ചില്ല? ദക്ഷിണേന്ത്യയില്‍ ബി.ജെ.പി. വലിയ ശക്തിയായ ഏകസംസ്ഥാനമാണ് കര്‍ണാടകം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഇവിടെ ഭൂരിഭാഗം സീറ്റുകളും നേടി.

ഇപ്പോള്‍ ജനതാദള്‍ എസുമായി ചേര്‍ന്നുള്ള കോണ്‍ഗ്രസ് സഖ്യസര്‍ക്കാരാണ് കര്‍ണാടകത്തിലെന്നിരിക്കേ, രാഹുല്‍ ഗാന്ധിക്കു മത്സരിച്ചു ജയിക്കാനുള്ള ഒരു മണ്ഡലവും അവിടെയില്ലേ? മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പിക്കെതിരേയുള്ള പോരാട്ടമായി അതിനെ കാണാമായിരുന്നു. പകരം, ഇടതുപക്ഷം ശക്തമായ കേരളത്തില്‍ രാഹുല്‍ സ്ഥാനാര്‍ഥിയായി. ബി.ജെ.പിക്കു പകരം ഇടതുപക്ഷമാണ് രാഹുലിന്റെ ലക്ഷ്യം.

കേരളത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും വര്‍ഗീയശക്തികളുമായി സന്ധി ചെയ്യുന്നു. യു.ഡി.എഫിലെ കക്ഷിയാണ് മുസ്ലിം ലീഗ്. അവര്‍ക്കു ശക്തിയുള്ളിടത്താണ് രാഹുലിന്റെ മത്സരം. ഇടതുസ്ഥാനാര്‍ഥിയെ തോല്പിക്കാന്‍ രാഹുല്‍ ലീഗില്‍ വിശ്വാസമര്‍പ്പിച്ചു. രാഹുലിന്റെ മതേതരനിലപാടിന്റെ പ്രകടനമായി ഇതിനെ കാണാനാവില്ല -സി.പി.എം. കുറ്റപ്പെടുത്തി.

ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ മതേതരപാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിലുള്ള കഴിവില്ലായ്മ കോണ്‍ഗ്രസ് തെളിയിച്ചു. ബി.ജെ.പി.യെ നേരിടാനുള്ള മതേതരപാര്‍ട്ടികളുടെ ഐക്യത്തെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തി. 80 സീറ്റുള്ള യു.പി.യില്‍ 2014-ല്‍ രണ്ടു സീറ്റിലേ കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളൂ. ആറിടത്തു രണ്ടാം സ്ഥാനത്തെത്തി. ഈ എട്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനുപകരം, ബി.ജെ.പി.യെ ചെറുക്കാന്‍ കെല്‍പുള്ള എസ്.പി.-ബി.എസ്.പി.-ആര്‍.എല്‍.ഡി. സഖ്യത്തെ പിന്തുണയ്ക്കാതെ എല്ലാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കുന്നു.

ഡല്‍ഹിയില്‍ ഒന്നിച്ചുനിന്നാല്‍ ഏഴു മണ്ഡലങ്ങളിലും ബി.ജെ.പിയെ പരാജയപ്പെടുത്താമെന്നിരിക്കെ, എ.എ.പി.യുമായി സഖ്യമുണ്ടാക്കാന്‍ ഇതുവരെ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ബംഗാളില്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റേതുമായി ആറു സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ലെന്നു തങ്ങള്‍ നിര്‍ദേശം വെച്ചിട്ടും അതിനെ ഗൗരവത്തിലെടുക്കാന്‍ അവര്‍ തയ്യാറായില്ലെന്നും സി.പി.എം. മുഖപത്രം കുറ്റപ്പെടുത്തി.

മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടാണ് പീപ്പിള്‍സ് ഡെമോക്രസിയുടെ എഡിറ്റര്‍.

Content Highlights: rahul gandhi contesting in wayanad loksabha constituency; cpm against congress