ലഖ്‌നൗ: മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരായ വിമര്‍ശങ്ങള്‍ക്ക് മൂര്‍ച്ചക്കൂട്ടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുമ്പുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷം എന്തുചെയ്തു എന്നതിനെ കുറിച്ച് ബിജെപി പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗംഗാ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അവര്‍.

എഴുപത് വര്‍ഷം കോണ്‍ഗ്രസ് എന്ത് ചെയ്തു എന്നതാണ് അവരുടെ ചോദ്യം. ഈ ചോദ്യം കാലഹരണപ്പെട്ടതാണ്. അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം എന്ത് ചെയ്‌തെന്ന് പറയാന്‍ ബിജെപി തയ്യാറാകണം. രാജ്യം ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണെന്ന് പറയുക മാത്രമാണ് അവര്‍ ചെയ്യുന്നത്. 

മോദി സര്‍ക്കാരില്‍ ഒരാള്‍ പോലും തൃപ്തനല്ല. 2019-ല്‍ ജനങ്ങള്‍ ഈ സ്ഥിതിക്ക് മാറ്റംവരുത്തും. കര്‍ഷകരും യുവാക്കളും തൊഴിലാളികളും സന്തോഷിക്കുന്നില്ല. സര്‍ക്കാര്‍ മാറി കിട്ടാന്‍ ആഗ്രഹിക്കുന്നവരാണ് അവരെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയുടെ മൂന്ന് ദിവസത്തെ ഗംഗാ യാത്ര തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ത്രിവേണി സംഗമത്തില്‍ നിന്ന് തുടങ്ങിയ ബോട്ട് യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ അവസാനിക്കും.

Content Highlights: Priyanka Gandhi says Modi govt’s argument to blame Congress has an expiry date