ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ കര്‍ത്തവ്യമെന്നും അവര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല തന്റെ ലക്ഷ്യം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന കര്‍ത്തവ്യം ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളെല്ലാം തള്ളുകയാണ് ഇപ്പോള്‍ പ്രിയങ്ക. ഇപ്പോള്‍ പരാജയപ്പെട്ടാല്‍ അത് രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കുമെന്ന ഭീതിയും അവരെ മത്സര രംഗത്ത് നിന്ന് അകറ്റുന്നതിന് പിന്നിലുണ്ടെന്നാണ് സൂചന. യുപിയില്‍ പാർട്ടിക്ക് അധികാരം തിരിച്ച് പിടിക്കുന്നതിനുള്ള കഠിനശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ഇതിനിടെ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേശന്‍വ് ദേവ് മൗര്യയുടെ മഹാന് ദള്‍ പാര്‍ട്ടിയുമായി ഉത്തര്‍പ്രദേശില്‍ സഖ്യം പ്രഖ്യാപിച്ചു. ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ ആധിപത്യമുള്ള പാര്‍ട്ടിയാണ് കേശന്‍വ് ദേവ് മൗര്യയുടെ മഹാന് ദള്‍. ലഖ്നൗവിലെ പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് പ്രിയങ്ക സഖ്യംപ്രഖ്യാപിച്ചത്.
ലഖ്നൗവിലെ ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി മാരത്തണ്‍ കൂടിക്കാഴ്ചയാണ് പ്രിയങ്ക നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി 15 മണിക്കൂര്‍ വീതമാണ് പ്രവര്‍ത്തകരുമായി പ്രിയങ്ക ചര്‍ച്ച നടത്തിയത്. ബുധനാഴ്ചയിലെ കൂടിക്കാഴ്ച വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് അവസാനിച്ചത്. ചൊവ്വാഴ്ചയിലെ കൂടിക്കാഴ്ച ഉച്ചക്ക് 1.30 മുതല്‍ പിറ്റേന്ന് രാവിലെ 5.30 വരെയായിരുന്നു.
യുപിയിലെ 41 മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്. ബാക്കി 39 മണ്ഡലങ്ങളുടെ ചുമതല മറ്റൊരു ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യക്കാണ്. ഇത് ടി-20 കളിയല്ല. അഞ്ചു ദിവസത്തെ കളിയാണെന്നും രാത്രി വൈകിയുമുള്ള കൂടിക്കാഴ്ചകളെ സംബന്ധിച്ച് സിന്ധ്യ പ്രതികരിച്ചു.
സംസ്ഥാനത്തെ 80 മണ്ഡലങ്ങളിലും പാർട്ടി മത്സരിക്കണമെന്ന ഉറച്ച നിലപാടാണ് പ്രിയങ്കാ ഗാന്ധിക്കുള്ളത്.
Content Highlights: Priyanka Gandhi-loksabha election-uttar pradesh congress alliance