ന്യൂഡല്‍ഹി: പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാര്‍ട്ടിയില്‍ തിരികെ എടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ ഇവര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.  

മുംബൈ തന്റെ ജന്മഭൂമിയും കര്‍മഭൂമിയും ആണെന്നും മുംബൈക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയാണ് ശിവസേനയെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ വസതിയില്‍ ഉദ്ധവ് താക്കറെയ്ക്കും മകന്‍ ആദിത്യ താക്കറെയ്ക്കും ഒപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രിയങ്ക ചതുര്‍വേദി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രിയങ്ക ചതുര്‍വേദിയെ പോലെ വ്യക്തിത്വമുള്ള ഒരു നേതാവിനെ ശിവസേനയില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലും കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രിയങ്ക ചതുര്‍വേദി ഉയര്‍ത്തിയത്.

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാര്‍ട്ടിയില്‍ തിരികെ എടുത്തതിലുള്ള ശക്തമായ പ്രതിഷേധവും എതിര്‍പ്പും അറിയിച്ച് പ്രിയങ്ക ചതുര്‍വേദി നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകരെ തിരിച്ചെടുത്തതെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. ഇതില്‍ തനിക്ക് കടുത്ത ദുഃഖമുണ്ടെന്നും അവര്‍ ട്വിറ്ററില്‍ പറഞ്ഞിരുന്നു.

content highlights: Priyanka Chaturvedi Switches To Sena From Congress