ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും. മന്ത്രിസഭാ വികസനം സംബന്ധിച്ച കാര്യങ്ങളാവും യോഗം ചര്‍ച്ചചെയ്യുക.

ശക്തമായ ഭൂരിപക്ഷം നേടിയുള്ള രണ്ടാം വരവില്‍ മന്ത്രിസഭയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ കൂടുതല്‍ പുതുമുഖങ്ങളെ പരിഗണിക്കാനാണ് മോദിയുടെയും അമിത് ഷായുടെയും നീക്കമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബി.ജെ.പിക്ക് ഏറ്റവും അഭിമാനകരമായ വിജയം സമ്മാനിച്ച ബംഗാള്‍ ഘടകത്തിലെ പ്രധാന നേതാക്കള്‍ക്ക് മന്ത്രിസഭ വികസനത്തില്‍ മികച്ച പരിഗണന ലഭിച്ചേക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്. രണ്ടില്‍ നിന്ന് 18 ആയാണ് ബി.ജെ.പി ബംഗാളില്‍ സീറ്റ് വര്‍ധിപ്പിച്ചത്.

എന്നാല്‍, സുപ്രധാന വകുപ്പുകളായ ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം, പ്രതിരോധം എന്നിവയില്‍ ആരൊക്കെ വരും എന്നത് സംബന്ധിച്ച് ഒരു സൂചനയും ബി.ജെ.പി കേന്ദ്രങ്ങള്‍ പുറത്തുവിടുന്നില്ല. നിലവിലെ ധനകാര്യ മന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലിയെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മാറ്റിയേക്കുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും. ചികിത്സയ്ക്കായി ജെയ്റ്റ്‌ലി നേരത്തെ വിജേശത്ത് പോയ സമയത്ത് ധനവകുപ്പിന്റെ ചുമതല പിയൂഷ് ഗോയലിനായിരുന്നു. 

നിലവില്‍ ടെക്‌സ്‌റ്റൈല്‍ മന്ത്രിയായ സ്മൃതി ഇറാനിയാണ് മന്ത്രിസഭാ വികസനത്തില്‍ മികച്ച പരിഗണന ലഭിക്കാന്‍ സാധ്യതയുള്ള മറ്റൊരു ബി.ജെ.പി നേതാവ്.ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമേറിയ വിജയം നേടിയത് സ്മൃതി ഇറാനിയായിരുന്നു. പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തെ വിജയിപ്പിച്ചിരുന്ന അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സമൃതി വിജയിച്ചത്. 

വന്‍ വിജയം നേടിയെത്തുന്ന രണ്ടാം വരവിലെ സത്യപ്രതിജ്ഞാ ചടങ്ങ് എത്രത്തോളം മികച്ചതാവും എന്നതാണ് രാജ്യം ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. ഏതൊക്കെ വിദേശ നേതാക്കന്മാര്‍ അതിഥികളായി എത്തും എന്നുള്ളതാണ് മറ്റൊരു ഘടകം. അന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫ്‌ ഉള്‍പ്പടെയുള്ള സാര്‍ക്ക് രാജ്യ തലവന്‍മാരായിരുന്നു 2014ല്‍ മോദിയുടെ സത്യപ്രതിജ്ഞക്ക് അഥിതികളായി എത്തിയത്. മോദിയുടെ രണ്ടാം വിജയത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു.

content highlights: Prime Minister, Narendra Modi, Cabinet, Smriti Irani, Arun Jaitley Amit shah