വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള റോഡ് ഷോ പുരോഗമിക്കുന്നു. മെയ് 19 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ ജനവിധി തേടുന്ന മോദി വെള്ളിയാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

അല്‍പ സമയം മുന്‍പാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സമീപത്ത് നിന്ന് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. സര്‍വകലാശാലയ്ക്ക് സമീപമുള്ള മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷമാണ് മോദി റോഡ് ഷോ ആരംഭിച്ചത്. ആയിരക്കണക്കിന് ജനങ്ങളാണ് സര്‍വകലാശാലയ്ക്ക് സമീപത്തെത്തിയിരുന്നത്. 

ani

റോഡ് ഷോ നടക്കുന്നതിന്റെ ഇരുവശങ്ങളിലും നിരവധി ആളുകള്‍ തിങ്ങിക്കൂടിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കന്മാരും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മോദിക്കെതിരെ വാരണാസിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ സജീവമായിരുന്നു. എന്നാല്‍ ഇതിന് വിരാമിട്ടുകൊണ്ട് അജയ് റായി എന്ന പ്രദേശിക നേതാവിനെ വാരണാസിയിലെ  സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയുണ്ടായി.

കഴിഞ്ഞ തവണ വാരണാസിയില്‍ നിന്ന് മത്സരിച്ച നരേന്ദ്ര മോദി 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എ.എ.പി അധ്യക്ഷനായ അരവിന്ദ് കെജ്രിവാളാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

content highlights: Prime Minister Narendra Modi's roadshow in Varanasi