കോഴിക്കോട്: കേരളത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാര രീതികളും സംരക്ഷിക്കാന്‍ ബിജെപി ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയുടെ മുന്നില്‍ വിഷയം  അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നും ബിജെപി ഉള്ളിടത്തോളം കാലം മലയാളികളുടെ വിശ്വാസങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നാടിന്റെ ആചാരങ്ങളുടെ കാര്യത്തില്‍ വ്യാജ ഉദാരവാദികളും എന്‍ജിഒകളും അര്‍ബന്‍ നക്‌സലുകളും ഒരുമിച്ചുവന്ന് കേരളത്തിലെ ജനങ്ങളുടെ വികാരങ്ങളെ അവഹേളിക്കുകയാണെന്ന് മോദി പറഞ്ഞു. നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കാമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. ബിജെപി ഉള്ളിടത്തോളം കാലം എല്‍ഡിഎഫിനോ യുഡിഎഫിനോ കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങളെ തകര്‍ക്കാനാവില്ല. ബിജെപി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടത്തിനൊപ്പമാണെന്നും മോദി പറഞ്ഞു.

modi

വിശ്വാസവും മുത്തലാഖും പോലുള്ള അതിക്രമങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ തയ്യാറാകാതെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്‌ കേരളത്തിലെ ഇരു മുന്നണികളും ചെയ്യുന്നത്. ഈ നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ ഇല്ലാതാക്കാന്‍ വിദേശ ശക്തികള്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അവരതില്‍ വിജയിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ചിലര്‍ സുപ്രീം കോടതി വിധിയുടെ പേരുപറഞ്ഞ് നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ക്കുകയാണെന്നും മോദി പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ അങ്ങേയറ്റം നിരാശപ്പെടുത്തിയ മുന്നണികളാണ് എല്‍ഡിഎഫും യുഡിഎഫും. പേരില്‍ മാത്രമാണ് ഇരു കക്ഷികളും തമ്മിലുള്ള വ്യത്യാസം. 2016 മുതല്‍ അഴിമതി ആരോപണങ്ങളുടെയും പിന്‍വാതില്‍ നിയമനങ്ങളുടെയും പേരില്‍ എത്ര മന്ത്രിമാര്‍ കേരളത്തില്‍ രാജിവെച്ചു. വ്യാവസായിക വികസനത്തില്‍ ഒരു കാഴ്ചപ്പാടും ഇല്ലാത്ത മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ കാര്യം നമുക്കെല്ലാം അറിയാം. ഭൂമികയ്യേറ്റത്തിന് നേതൃത്വം കൊടുക്കുന്നവരാണ് ഇരു മുന്നണികളും. ബിജെപി മുന്നോട്ടുവെക്കുന്നത് ജനാധിപത്യത്തിന്റെ ഒരു ബദല്‍ രാഷ്ട്രീയമാണെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍നിന്ന്

തുഗ്ലക്ക് റോഡിലെ തിരഞ്ഞെടുപ്പ് കുംഭകോണത്തെക്കുറിച്ചാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. മധ്യപ്രദേശില്‍ കോടികളുടെ കള്ളപ്പണമാണ് കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ തുഗ്ലക്ക് റോഡിലെ ഒരു പ്രമുഖ നേതാവിലേയ്ക്കാണ് അന്വേഷണം എത്തിച്ചേര്‍ന്നിക്കുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പോഷകാഹാരം നല്‍കാന്‍ വകയിരുത്തിയ പണമാണ് അഴിമതിയിലൂടെ അവര്‍ സ്വന്തമാക്കിയിരിക്കുന്നത്. 

കേരളം സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നാടായ കേരളം കമ്യൂണിസ്റ്റുകാരില്‍നിന്ന് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ രാഷ്ട്രീയമാണ് അവര്‍ നടപ്പിലാക്കുന്നത്. ജനങ്ങളെ സേവിച്ചതിന്റെ പേരിലാണ് ദേശാഭിമാനികളായ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവിടെ കൊലചെയ്യപ്പെട്ടത്.

modi

ത്രിപുരയില്‍ ഭരണ പരാജയം മൂടിവെക്കാന്‍ അക്രമം അഴിച്ചുവിട്ടവരെ ജനങ്ങള്‍ പുറത്താക്കി. അതുതന്നെയാണ് കേരളത്തിലും സംഭവിക്കുക. കമ്യണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും സ്ത്രീകളുടെ അവകാശത്തിന്റെ വിഷയം വരുമ്പോള്‍ ഇരട്ടത്താപ്പാണ്. മുത്തലാഖിനെ ന്യായീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ്, സോളാര്‍ കേസ് തുടങ്ങിയ സംഭവങ്ങളുടെ ചരിത്രമുള്ളവരാണ് സ്ത്രീ ശാക്തീകരണത്തെ കുറിച്ചു പറയുന്നത്.

പ്രതിപക്ഷത്തിന് ദേശീയ സുരക്ഷയെക്കുറിച്ച് ഒരു ആശങ്കയുമില്ല. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഭീകരതയ്‌ക്കെതിരെ അവര്‍ ഒന്നും ചെയ്തില്ല. എന്നാല്‍ നമ്മുടെ സൈന്യം തീവ്രവാദികളുടെ വീട്ടില്‍ കയറി അവരെ നശിപ്പിച്ചു. അതിനെ പിന്തുണയ്ക്കുന്നതിനു പകരം പ്രതിപക്ഷവും അവരുടെ സഖ്യകക്ഷികളും സൈന്യത്തെ ചോദ്യംചെയ്യുന്നു. പ്രതിപക്ഷ നേതാക്കള്‍ പാകിസ്താനില്‍ വീര നായകരാണ്. നമ്മുടെ സൈന്യത്തെ അപഹസിക്കുന്നതിന് അവരുടെ പ്രസംഗങ്ങളാണ് പാകിസ്താനികള്‍ ഉദ്ധരിക്കുന്നത്. കേരളത്തില്‍ ഭീകരവാദ സംഘടനകള്‍ക്ക് സൗജന്യ പാസ്സ് കൊടുത്തിരിക്കുകയാണ്. അത്തരക്കാരെ സമ്മതിദാനത്തിലൂടെ ശക്തമായ പാഠം പഠിപ്പിക്കേണ്ട സാഹചര്യമാണിത്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഇലക്ട്രോണിക് വിസ അടക്കമുള്ള കാര്യങ്ങള്‍ വിനോദ സഞ്ചാര മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കി. തീവ്രവാദം ജനങ്ങളെ വിഭജിക്കുന്നു. വിനോദസഞ്ചാരം ജനങ്ങളെ ഒരുമിപ്പിക്കുന്നു. 

നിങ്ങളുടെ സന്തോഷമാണ് എന്റെ സന്തോഷം. എപ്പോഴൊക്കെ നിങ്ങള്‍ വിഷമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇറാഖില്‍ കുടുങ്ങിയ മലയാളി നേഴ്‌സുമാര്‍ സുരക്ഷിതമായി തിരിച്ചെത്തി. മലയാളിയായ ഫാദര്‍ ടോം നാട്ടില്‍ തിരിച്ചെത്തി. സുഡാനിലും യമനിലും ലിബിയയിലും അകപ്പെട്ടവര്‍ തിരിച്ചെത്തി. ഇതെല്ലാം ഈ സര്‍ക്കാരാണ് സാധ്യമാക്കിയത്. അപ്പോള്‍ അവരുടെ കുടുംബാംഗങ്ങളുടെ മുഖത്തു കണ്ട സന്തോഷം എനിക്കൊരിക്കലും മറക്കാനാകില്ല.

വീഡിയോ കാണാം

Conent Highlights: PM Modi address election rally in Kozhikode, Lok Sabha 2019, Sabarimala