ന്യൂഡല്‍ഹി:  തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിൽ പരിശോധന നടത്തിയ തിരഞ്ഞെടുപ്പ് നിരീക്ഷകനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു. സൈനിക വിഭാഗത്തിന്റെ പ്രത്യേക സുരക്ഷ നല്‍കുന്നവരെ പരിശോധിക്കാന്‍പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം ലംഘിച്ചൂവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. 

ഒഡീഷയിലെ സംബല്‍പൂരില്‍ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു തിരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്‌സിന്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിൽപരിശോധന നടത്തിയത്. എന്നാല്‍ സൈനികവ്യൂഹത്തിന്റെ പ്രത്യേക സുരക്ഷ നല്‍കുന്ന എസ്.പി.ജി. വിഭാഗത്തില്‍പ്പെട്ടവരെ സുരക്ഷാപരിശോധനക്ക് വിധേയമാക്കേണ്ടതില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

1996 ലെ കര്‍ണാടക കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‌സിന്‍. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ധര്‍മ്മേന്ദ്ര ശര്‍മക്ക് തിരഞ്ഞെടുപ്പ്  കമ്മിഷന്‍ നിര്‍ദേശം നല്‍കി. 

Content Highlights: Poll observer searches PM Modi's chopper, gets suspended for violating norms