ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ജീവചരിത്ര സിനിമയായ പിഎം നരേന്ദ്ര മോദി മേയ് 24ന് റിലീസ് ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിറ്റേദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തുകയെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സിങ് പറഞ്ഞു.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. തിരഞ്ഞെടുപ്പ് കഴിയുംവരെ ചിത്രം റിലീസ് ചെയ്യരുതെന്നായിരുന്നു കമ്മീഷന്റെ നിലപാട്. തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി വിഷയത്തില്‍ ഇടപടാന്‍ തയ്യാറായില്ല.

ആദ്യം ഏപ്രില്‍ അഞ്ചിന് ചിത്രം പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചിത്രം റിലീസ് ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുകയായിരുന്നു.

Content Highlights: PM Narendra Modi, Biopic Release on May 24, Lok Sabha Election 2019