ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഡല്‍ഹിയില്‍ തിരക്കിട്ട കൂടിക്കാഴ്ചകള്‍ പുരോഗമിക്കുന്നു. മന്ത്രിമാരുടെ പട്ടിക തയ്യാറാക്കുന്നതിനായി അമിത് ഷായുമായി മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം മോദി അരുണ്‍ ജെയ്റ്റ്‌ലിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു. 

അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്നും അദ്ദേഹം പാര്‍ട്ടി അധ്യക്ഷനായി തുടരുമെന്നുമാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മന്ത്രിസഭയില്‍ അമിത് ഷായെ ഉള്‍ക്കൊള്ളിക്കുകയാണെങ്കില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയമിക്കും എന്നതിലും ആശയക്കുഴപ്പമുണ്ട്.

മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ അന്തിമ പട്ടിക തയ്യാറായതായാണ് സൂചന. പുതിയ മന്ത്രിസഭയിലും പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ മന്ത്രിമാരായി തുടര്‍ന്നേക്കും. അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും. കുമ്മനം രാജശേഖരനെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

മന്ത്രിസഭയിലേക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മോദി അരുണ്‍ ജെയ്റ്റിലിയെ കണ്ടതെന്നാണ് സൂചന. ആരോഗ്യ പ്രശ്നങ്ങളും ഡോക്ടര്‍മാരുടെ നിര്‍ദേശവും ഉള്ളതിനാല്‍ പുതിയ സര്‍ക്കാരില്‍ ചുമതലകളൊന്നും ഏല്‍പ്പിക്കരുതെന്നാവശ്യപ്പെട്ട് ജെയ്റ്റ്‌ലി ഇന്ന് മോദിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദി അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടത്. രാത്രി ഒമ്പത് മണിയോടെണ് ജെയ്റ്റ്‌ലിയുടെ വീട്ടില്‍ മോദി എത്തിയത്. അര മണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷം മോദി മടങ്ങി. 

ഇതിന് മുമ്പായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി മോദി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ മന്ത്രിസഭാ അംഗങ്ങളെ സംബന്ധിച്ചും വകുപ്പുകള്‍ സംബന്ധിച്ചും ഏകദേശ ധാരണ ആയിട്ടുണ്ട്. ചൊവ്വാഴ്ചയും ഇരുവരും തമ്മില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. 

img
പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണ്‍ ജെയ്റ്റ്‌ലിയുടെ വസതിയിലെത്തിയപ്പോള്‍

നിതീഷ് കുമാറിന്റെ ജെഡിയുവിനും അകാലിദളിനും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകും. പശ്ചിമ ബംഗാള്‍, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന.

മന്ത്രിമാരായി നിശ്ചയിക്കുന്നവരെ നാളെ രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെ വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്‌.

Content Highlights: PM Modi Visits Arun Jaitley, May Ask Him To Reconsider