ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് ജനവിധി തേടും. മോദി മത്സരിക്കുന്ന രണ്ടാമത്തെ സീറ്റ് പിന്നീട് തീരുമാനിക്കും. വെള്ളിയാഴ്ച ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മത്സരിച്ച മോദി മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയത്. ഇവിടെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് അജയ് റായിക്ക് 75000 ല്‍ താഴെ വോട്ടുകള്‍ മാത്രമേ നേടാനായുള്ളു.

സ്ഥാനാര്‍ത്ഥികള്‍ക്കുള്ള പ്രയാപരിധി ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. വിജയ സാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളില്‍ 75 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും പരിഗണിക്കാനും ബി.ജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി. 

2014 ലോക്‌സഭാ വിജയത്തിന് ശേഷം 75 ന് മുകളില്‍ പ്രായമുള്ളവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്നും 70 കഴിഞ്ഞവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും ബി.ജെ.പി തീരുമാനമെടുത്തിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ ജനകീയ മുഖങ്ങളില്‍ പലരും 70 പിന്നിട്ടതോടെയും നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ തീരുമാനം ബി.ജെ.പി പുന:പരിശോധിക്കുകയായിരുന്നു.

സംസ്ഥാനങ്ങളിലെ മുന്നണികള്‍ വിപുലപ്പെടുത്താനും ബി.ജെ.പി നീക്കമാരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ 16 സഖ്യകക്ഷികള്‍ ഉണ്ടായിരുന്നത് 29ആയി വര്‍ദ്ധിപ്പിക്കാനാണ് പാര്‍ട്ടി നീക്കം. പല രാജ്യസഭാ എം.പി മാര്‍ക്കും അവരുടെ വിജയസാധ്യത പരിഗണിച്ച് ലോക്‌സഭാ സീറ്റ് നല്‍കാനും നീക്കമുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

content highlights: Narendra Modi, Varanasi, Uttar Pradesh, BJP, Lok Sabha Polls