തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും കേരള ജനപക്ഷം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും കോട്ടയത്ത് പി.ജെ. ജോസഫ് മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് അറിയിച്ചതാണ്. എന്നാല്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടും അതിന് മറുപടി നല്‍കാനുള്ള മാന്യതപോലും കോണ്‍ഗ്രസ് കാണിച്ചില്ലെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. 

പത്തനംതിട്ടയില്‍ ആറന്മുള എം.എല്‍.എയായ വീണാ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് സി.പി.എമ്മിലെ ഏകദേശ തീരുമാനം. ഇതിനിടെയാണ് പൂഞ്ഞാര്‍ എം.എല്‍.എയായ പി.സി. ജോര്‍ജും പത്തനംതിട്ടയില്‍ അങ്കത്തിനിറങ്ങുന്നത്. സിറ്റിങ് എം.പിയായ ആന്റോ ആന്റണി തന്നെയായിരിക്കും യു.ഡി.എഫ്. സ്ഥാനാര്‍ഥി. ശബരിമല വിഷയമടക്കം ചര്‍ച്ച ചെയ്യുന്ന തിരഞ്ഞെടുപ്പായതിനാല്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെയായിരിക്കും ബി.ജെ.പിയും മണ്ഡലത്തില്‍ കളത്തിലിറക്കുക. ഈ സാഹചര്യത്തില്‍ പി.സി. ജോര്‍ജും മത്സരിക്കുന്നതോടെ പത്തനംതിട്ടയില്‍ പോരാട്ടം പൊടിപാറുമെന്നാണ് വിലയിരുത്തല്‍. 

Content Highlights: pc george will contest from pathanamthitta loksabha constituency