പത്തനംതിട്ട: പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി എന്‍.ഡി.എ.യിലേക്ക്. ബി.ജെ.പി. അഖിലേന്ത്യാ സെക്രട്ടറി സത്യകുമാര്‍, സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, കേരള ജനപക്ഷം സെക്യുലര്‍ നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച വൈകിട്ട് നാലുമണിക്കായിരിക്കും പ്രഖ്യാപനം. 

എന്‍.ഡി.എ.യില്‍ ചേരാനുള്ള തീരുമാനം കേരള ജനപക്ഷം സെക്യുലര്‍ ഐക്യകണ്‌ഠേനയെടുത്ത തീരുമാനമാണെന്ന് പി.സി. ജോര്‍ജ് മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു. എന്‍.ഡി.എ. പ്രവേശനത്തിന് പാര്‍ട്ടിയില്‍നിന്ന് ആര്‍ക്കും എതിര്‍പ്പുകളില്ലെന്നും കൊല്ലം ജില്ലയില്‍നിന്നുള്ള ഒരു വ്യക്തി മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും കണക്കിലെടുത്താണ് അദ്ദേഹം നേതൃത്വം നല്‍കുന്ന മുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. 'അമ്പത് വര്‍ഷമായി കേരള കോണ്‍ഗ്രസുകാര്‍ റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞുനടക്കുന്നു. അതൊന്നും നടന്നില്ല. എന്നാല്‍ നരേന്ദ്രമോദി ആ പ്രഖ്യാപനം നടത്തി. ഭൂമിയുടെ വിസ്തീര്‍ണം നോക്കാതെ എല്ലാ കര്‍ഷകര്‍ക്കും 6000 രൂപ വീതം നല്‍കി. അദ്ദേഹം കാര്‍ഷിക മേഖലയ്ക്ക് ചെയ്ത ഒട്ടേറെ നല്ലകാര്യങ്ങളാണ് ആകര്‍ഷിച്ചത്'- പി.സി. ജോര്‍ജ് മാതൃഭൂമി ഡോട്ട്‌കോമിനോട് വിശദീകരിച്ചു. 

യു.ഡി.എഫില്‍ ചേരണമെന്നുള്ളത് തന്റെ ആഗ്രഹമായിരുന്നെന്നും എന്നാല്‍ യു.ഡി.എഫ്. നേതൃത്വം തന്നെ വഞ്ചിക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: pc george and kerala janapaksham secular party joins to nda