കോഴിക്കോട്: പത്തനംതിട്ടയിലെ തന്റെ പരാജയത്തിന് പിന്നില്‍ മുന്നണിക്കകത്തും പാര്‍ട്ടിക്കകത്തുമുള്ള പ്രശ്‌നങ്ങളാണ് കാരണമെന്ന പ്രചാരണം അസംബന്ധവും അവാസ്തവുമാണെന്ന് കെ. സുരേന്ദ്രന്‍. 

പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള എതിരാളികളുടെ നീചമായ പ്രചാരണം മാത്രമാണിത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ അധികമായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ശബരിമല ഉള്‍പ്പെടുന്ന പെരുനാട് അടക്കം പതിനഞ്ചിലധികം പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനത്തു വരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. 

എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, പുലയമഹാസഭ, വെള്ളാള മഹാസഭ, വിശ്വകര്‍മ്മസഭ, സാംബവമഹാസഭ, മലയരസഭ തുടങ്ങി എല്ലാ സമുദായ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ ഏറ്റക്കുറച്ചിലുകളോടെ എല്ലാ ബൂത്തിലും ലഭിച്ചിട്ടുണ്ട്. വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള പ്രേരണ നല്‍കുന്ന തെരഞ്ഞെടുപ്പാണിതെന്നും സുരേന്ദ്രന്റെ കുറിപ്പില്‍ പറയുന്നു.

കെ. സുരേന്ദ്രന്റ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അതിന്റെ ചുവടുപിടിച്ച് സൈബര്‍ ലോകത്തും തെറ്റിദ്ധാരണാജനകമായ അനേകം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പത്തനം തിട്ടയില്‍ എന്‍. ഡി. എ യ്ക്ക് വിജയിക്കാന്‍ കഴിയാതെ പോയത് മുന്നണിക്കകത്തും പാര്‍ട്ടിക്കകത്തുമുള്ള പ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് പ്രചരിപ്പിക്കുന്നത്. തീര്‍ത്തും അസംബന്ധവും അവാസ്തവുമായ പ്രചാരണമാണത്. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള എതിരാളികളുടെ നീചമായ പ്രചാരണം മാത്രമാണത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒന്നര ലക്ഷത്തിലധികം വോട്ടുകകള്‍ നമുക്ക് അധികമായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ശബരിമല ഉള്‍പ്പെടുന്ന പെരുനാട് അടക്കം പതിനഞ്ചിലധികം പഞ്ചായത്തുകളില്‍ നമുക്ക് ഒന്നാം സ്ഥാനത്തു വരാന്‍ കഴിഞ്ഞിട്ടുണ്ട്. പന്തളം മുനിസിപ്പാലിറ്റിയില്‍ പതിനായിരത്തിലേറെ വോട്ട് നേടി നാം ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. നാനൂറിലധികം ബൂത്തുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ഊണും ഉറക്കവുമില്ലാതെ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. ഇടതു വലതു മുന്നണികള്‍ക്ക് വന്‍തോതില്‍ വോട്ടുചോര്‍ച്ചയുണ്ടായപ്പോള്‍ ഒരു ബൂത്തില്‍പ്പോലും നാം പുറകോട്ട് പോയിട്ടില്ല. എന്‍. എസ്. എസ്, എസ്. എന്‍. ഡി. പി, പുലയമഹാസഭ, വെള്ളാള മഹാസഭ, വിശ്വകര്‍മ്മസഭ, സാംബവമഹാസഭ,മലയരസഭ തുടങ്ങി എല്ലാ സമുദായ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ ഏറ്റക്കുറച്ചിലുകളോടെ എല്ലാ ബൂത്തിലും നമുക്ക് ലഭിച്ചിട്ടുണ്ടെന്ന വസ്തുത നന്ദിയോടെ സ്മരിക്കുന്നു. വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള പ്രേരണ നല്‍കുന്ന തെരഞ്ഞെടുപ്പാണിത്. വിജയിക്കാനായില്ലെങ്കിലും മണ്ഡലത്തിലെ വോട്ടര്‍മാരോടൊപ്പം തുടര്‍ന്നുമുണ്ടാവുമെന്നും വികസനത്തിനും വിശ്വാസസംരക്ഷണത്തിനും കൂടെയുണ്ടാവുമെന്നും ഉറപ്പുനല്‍കുന്നു. എല്ലാ കുപ്രചാരണങ്ങളെയും അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളഞ്ഞുകൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാം. ചരൈവേതി ചരൈവേതി

Content Highlights: pathanamthitta-loksbha election result-bjp-k.surendran