കോഴിക്കോട്:  രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എന്ന വിവാദത്തിന് തിരികൊളുത്തിയത് ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ഇതിന് തുടര്‍ച്ചയെന്നോണം യോഗി ആദിത്യനാഥിന്റെ വൈറസ് പരാമര്‍ശം. പാകിസ്താന്‍ കൊടി, ജിഹാദി സഖ്യം, പാക് സൃഷ്ടാക്കള്‍ തുടങ്ങി മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കെതിരേ രാഹുലിനെ ലക്ഷ്യമിട്ട് വിവാദ പ്രസ്താവനകളുടെ വേലിയേറ്റം തന്നെ ബി.ജെ.പിയുടെ ഉന്നത നേതാക്കളില്‍ നിന്നുമെത്തി. പക്ഷെ ഇത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമോയെന്ന ആശങ്കയിലായിരിക്കുകയാണ് വയനാട്ടിലെ എന്‍.ഡി.എ ക്യാമ്പും സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും.
 
ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിം ജന വിഭാവങ്ങളുടെ വോട്ടുകള്‍ വിധി നിര്‍ണയത്തിന്റെ നെടും തൂണാവുന്ന മണ്ഡലങ്ങളിലൊന്നാണ് വയനാട്. മലപ്പുറം ജില്ലയിലെ മുന്ന് നിയോജക മണ്ഡലങ്ങള്‍ വയനാടിനോട് ചേരന്നിരിക്കുന്നവെന്നത് തന്നെയാണ് ഇതിന് കാരണം. ഇവിടുത്തെ മുസ്‌ലിം വിഭാഗങ്ങളുടെ  വോട്ടുകള്‍ രാഹുലിന് മാത്രമല്ല തങ്ങള്‍ക്കും ലഭിക്കുമെന്നതില്‍ സംശയമില്ലെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി മണ്ഡലത്തില്‍ നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതിനിടെ മുസ്‌ലിം ലീഗിനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത് അക്ഷാര്‍ഥത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് തന്നെ തരിച്ചടിയായിരിക്കുകയാണ്.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ട് മലബാറിലെ എന്‍.ഡി.എ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. ഇവിടേയും പ്രധാനമന്ത്രി ലക്ഷ്യമിടുന്നത് രാഹുലിന്റെ വയനാടന്‍ സ്ഥാനാര്‍ഥിത്വത്തെ തന്നെയായിരിക്കും. പാക് പരമര്‍ശം അടക്കം കോഴിക്കോട് പ്രധാനമന്ത്രിയും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇത് വയനാടിനെ മാത്രമല്ല മറ്റ് ജില്ലകളിലേയും വോട്ട് ചോര്‍ച്ചയെ ബാധിക്കുമെന്നതില്‍ സംശയമില്ല.

ബി.ജെ.പി കേരള നേതാക്കള്‍ യോഗിയുടേയും അമിത് ഷായുടേയും പ്രസ്താവനകള്‍ ഇതുവരെ ഏറ്റു പിടിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് രാഹുല്‍ വയനാട്ടില്‍ സഖ്യമുണ്ടാക്കിയിരിക്കുന്നത് ജിഹാദികളുമായിട്ടാണ് എന്ന് ആക്ഷേപിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ മണ്ഡലത്തില്‍ ഗുണപരമാവില്ലെന്ന വിലയിരുത്തലിലാണ് എന്‍.ഡി.എ ക്യാമ്പ്.
   
സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് തുടരുന്ന രൂക്ഷ വിമര്‍ശനങ്ങളും എന്‍.ഡി.എയുടെ വോട്ട് ചോര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിക്കുമെന്നും ബി.ഡി.ജെ.എസ് ഭയക്കുന്നു. ശബരിമല വിഷയത്തിലുണ്ടായ അനുകൂല നിലപാട് യോഗി ആദിത്യനാഥിന്റെയും അമിത് ഷായുടെയും വിദ്വേഷ പ്രസ്താവനകളിലൂടെ ഇല്ലാതാവുമെന്ന ആശങ്കയിലാണ് തുഷാര്‍ വെള്ളാപ്പള്ളി.

മണ്ഡലത്തില്‍ നിന്ന് പരമാവധി വോട്ട് പിടിച്ച് എന്‍.ഡി.എയിലെ ബി.ഡി.ജെ.എസിന്റെ കരുത്തറിയിക്കുക എന്നതും തുഷാറിന്റെ ആവശ്യമായിരുന്നു. അതിനാല്‍ പരമാവധി വര്‍ഗീയ പ്രസ്താവനകള്‍ ഒഴിവാക്കിയായിരുന്നു  തിരഞ്ഞെടുപ്പ് പ്രചാരണം. മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ ഉത്തരേന്ത്യയിലെ പോലെ കേരളത്തില്‍ വിലപ്പോവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
ഇത് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ അകറ്റാന്‍ കാരണമാവുമെന്ന തിരിച്ചറിവില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തേണ്ട കാര്യമില്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തെ ബി.ഡി.ജെ.എസ് അറിയിച്ചതായാണ് വിവരം. അടുത്തയാഴ്ച ജില്ലയിലെത്തുമെന്നറിയിച്ച യോഗി ആദിത്യനാഥിന്റെ വരവിനെ നിരുത്സാഹപ്പെടുത്തണമെന്ന അഭിപ്രായവും ബി.ഡി.ജെ.എസില്‍ ഉയരുന്നുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ആണ് കോഴിക്കോട്ടെ പ്രധാനമന്ത്രിയുടെ പരിപാടി. ഉത്തരകേരളത്തില്‍ മോദി തരംഗം ലക്ഷ്യമിട്ട് ഇവിടെയുള്ള സ്ഥാനാര്‍ഥികളേയും പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി വിപുലമായ പരിപാടിയാണ് നേതൃത്വം പ്ലാന്‍ ചെയ്തിരിക്കുന്നത്. 
Content Highlights: Pak reference,Wayanad  NDA camp in Confusion