കണ്ണൂര്‍: മോദിയെക്കുറിച്ചുള്ള ഭയം പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടന്ന പ്രചാരവേലയുടെ ഫലമായാണ് ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടതെന്ന് സിപിഎം നേതാവ് പി. ജയരാജന്‍. പരാജയ കാരണം വിലയിരുത്താന്‍ ഓരോ ബൂത്തുതലത്തിലും പരിശോധന നടത്തി ആവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫിനുണ്ടായിട്ടുള്ള തിരഞ്ഞെടുപ്പ് പരാജയം ഇടത് വിരുദ്ധ തരംഗത്തിന്റെ ഭാഗമായിട്ടുള്ളതല്ലെന്ന് ജയരാജന്‍ അവകാശപ്പെട്ടു. മോദി പേടി പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും നടത്തിയിട്ടുള്ള ആസൂത്രിതമായ പ്രചാര വേലയുടെ ഫലമായിട്ടാണ് ഇത്തരത്തില്‍ ഞങ്ങള്‍ പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കുന്നതിന് കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതാണ് നല്ലതെന്ന വ്യാമോഹം മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടായി.  കോണ്‍ഗ്രസിന് ബിജെപിയെ പ്രതിരോധിക്കാന്‍ പറ്റും എന്ന സന്ദേശം മത മൗലിക വാദികളായിട്ടുള്ള ആളുകള്‍ പ്രചരിപ്പിക്കുകയുണ്ടായി.  യഥാര്‍ഥത്തില്‍ കേരളത്തിലെ മത നിരപേക്ഷ ശക്തികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. 

വിശ്വസനീയമായിട്ടുള്ള മതനിരപേക്ഷ ശക്തി ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനമാണ് എന്നാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ചിരുന്നത്. പക്ഷ ഇത് വിശ്വാസത്തിലെടുക്കാന്‍ ഒരുവിഭാഗം തയ്യാറായില്ല. ഇതിന്റെ ഫലമായാണ് ഇടതുപക്ഷത്തിന് പരാജയമുണ്ടായത്. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വടകരയില്‍ 30,000 വോട്ടുകള്‍ വര്‍ധിച്ചിട്ടുണ്ട്. ആ വര്‍ധനവ് തീര്‍ച്ചയായും എല്‍ഡിഎഫിനോടുള്ള ജനങ്ങളുടെ മനോഭാവത്തിന്റെ പ്രതിഫലനമാണ്.  അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ ഇത്തവണ ലഭിച്ചിട്ടില്ല. ഇതിന്റെ പ്രധാനകാരണമാണ് മുമ്പ് പറഞ്ഞിട്ടുള്ളത്. കേരളത്തിലെ മത നിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസല്ല ഇടതുപക്ഷമാണ് പോരാടിക്കൊണ്ടിരിക്കുന്നത്. 

ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം മുതലാക്കിക്കൊണ്ടാണ് തെറ്റായ തരത്തിലുള്ള വ്യാമോഹം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ നേരത്തെ പറഞ്ഞ ശക്തികള്‍ ശ്രമിച്ചത്. അതിന്റെ ഫലമായിട്ടാണ് തിരിച്ചടിയുണ്ടായിട്ടുള്ളതെന്നും ജയരാജന്‍ പറഞ്ഞു.

Content Highlights: P Jayarajan, Vadakara, LDF, CPM, 2019 Loksabha Election