ന്യൂഡല്‍ഹി:   വോട്ടിങ് മെഷിനുകളുടെ സുരക്ഷ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര ഉത്തരവാദിത്തം കാട്ടിയില്ലെന്നും ആവശ്യത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം യന്ത്രങ്ങളുടെ സുരക്ഷയില്‍ സംശയം വേണ്ടെന്നാണ് കമ്മീഷന്റെ നിലപാട്. 

ചാനലുകളുടെ വീഡിയോയില്‍ കാണിക്കുന്ന ദൃശ്യങ്ങളിലുള്ള വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതല്ലെന്ന് കമ്മീഷന്‍ പ്രതിപക്ഷ നേതാക്കളെ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങളെപ്പറ്റിയുള്ള പ്രതിപക്ഷത്തിന്റെ പരാതികള്‍ കമ്മീഷന്‍ തള്ളിക്കളഞ്ഞു.  വിശദമായ നിവേദനം നല്‍കിയാണ് പിന്നീട് പ്രതിപക്ഷ നേതാക്കള്‍ മടങ്ങിയത്. വോട്ടെണ്ണുമ്പോള്‍ വിവി പാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. 

21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഉച്ചയ്ക്ക് 1.30 ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. 

വിവി പാറ്റുകള്‍ എണ്ണുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയില്‍ പാകപ്പിഴകളുണ്ട്. അത് പരിഹരിക്കണം. സുപ്രീം കോടതി വിധിയുടെ അന്തസത്തയെ ലംഘിക്കുന്ന നടപടികള്‍ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. വോട്ടെണ്ണുമ്പോള്‍ വോട്ടിങ് മെഷിനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ വിവി പാറ്റിന് പ്രാധാന്യം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ വിവി പാറ്റുകളും എണ്ണണം എന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. 

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി,  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം കമ്മീഷനെ കണ്ടത്. 

Content Highlighhts: opposition's meeting with EC, 2019 Loksabha Election