ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടിങ് മെഷീനുകള്‍ അട്ടിമറികള്‍ക്ക് വിധേയമാകുമോ എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആശങ്കയ്ക്ക് ഒരു കുറവുമില്ല. രാജ്യത്തെ പല സംസ്ഥാനങ്ങളിലും അതീവ സുരക്ഷയോടെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌റ്റോര്‍ റൂമുകളില്‍ 24 മണിക്കൂറും കാവല്‍ നില്‍ക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍. പല സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ നേരിട്ടും സ്‌റ്റോര്‍ റൂമുകള്‍ക്ക് കാവല്‍ നില്‍ക്കുന്നുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശിലെ ഭോപ്പാലിലെ സ്ഥാനാര്‍ഥിയുമായ ദിഗ്‌വിജയ് സിങ് കഴിഞ്ഞ ദിവസം രാത്രി ഭാര്യയോടൊപ്പം നേരിട്ടെത്തി വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച ഭോപ്പാലിലെ സെന്‍ട്രല്‍ ജയിലിലെ സുരക്ഷ പരിശോധിച്ചിരുന്നു.  യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റോര്‍ റൂമുകള്‍ക്ക് മുന്നില്‍ മുഴുവന്‍ സമയം കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്. 

ചണ്ഡീഗഡില്‍ തിങ്കളാഴ്ച മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റോര്‍റൂമുകള്‍ക്ക് മുന്നില്‍ മുഴുവന്‍ സമയം കാവല്‍ നില്‍ക്കുകയാണ്. പല സ്ഥലങ്ങളിലും സ്റ്റോര്‍ റൂമുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിലൂടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്റ്റോര്‍റൂമുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുംബൈയിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷനും സ്ഥാനാര്‍ഥിയുമായ മിലിന്ദ് ദിയോറ സ്‌റ്റോര്‍ റൂമുകള്‍ക്ക് മുന്നിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിക്കഴിഞ്ഞു. സ്റ്റോര്‍ റൂമുകള്‍ക്ക് മുന്നിലെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ സ്ഥാനാര്‍ഥികള്‍ക്ക് കൂടി നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യം.

കോണ്‍ഗ്രസിന്റെ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ സഞ്ജയ് നിരുപമും മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌റ്റോര്‍ റൂമുകളില്‍ നേരിട്ടെത്തി സുരക്ഷ വിലയിരുത്തി. വോട്ടെണ്ണുന്നതിന് മുന്‍പത്തെ രണ്ട് ദിവസത്തെ ദിവസം നിര്‍ണായകമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗരൂകരായി ഇരിക്കണമെന്നും സഞ്ജയ് നിരുപം ആഹ്വാനം ചെയ്തു.

content highlights: Opposition Parties Night Vigil Outside EVM Rooms