കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബി ജെ പിയില്‍ ചേര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. സസ്‌പെന്‍ഡ് ചെയ്ത ഒരു തൃണമൂല്‍ എം എല്‍ എയാണ് ഇന്നലെ ബി ജെ പിയില്‍ ചേര്‍ന്നതെന്നും മറ്റുള്ളവര്‍ സി പി എം, കോണ്‍ഗ്രസ് അംഗങ്ങളാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയതിനാലാണ് ആറ് കൗണ്‍സിലര്‍മാര്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്നും തൃണമൂല്‍ ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കി. 

തൃണമൂല്‍ എം എല്‍ എമാരായ ശുഭ്രാംശു റോയി, തുഷാര്‍ കാന്ത് ഭട്ടാചാര്യ എന്നിവരും നിരവധി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമാണ് ചൊവ്വാഴ്ച ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പി സംസ്ഥാന നേതാവായ മുകള്‍ റോയിയുടെ മകനാണ് ശുഭ്രാംശു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശുഭ്രാംശുവിനെ തൃണമൂല്‍ ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തൃണമൂല്‍ എം എല്‍ എമാരെ കൂടാതെ സി പി എമ്മിന്റെ ദേബേന്ദ്ര നാഥ് റോയിയും കഴിഞ്ഞദിവസം ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. 

വരുംദിവസങ്ങളില്‍ കൂടുതല്‍ തൃണമൂല്‍ എം എല്‍ എമാര്‍ ബി ജെ പിയിലെത്തുമെന്ന് ബി ജെ പി നേതാക്കളായ കൈലാഷ് വിജയ്‌വര്‍ഗിയയും മുകുള്‍ റോയിയും വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍, 2017ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ 40 തൃണമൂല്‍ എം എല്‍ എമാര്‍ ബി ജെ പിയിലെത്തുമെന്ന് ലോക്‌സഭാ പ്രചരണത്തിനിടെ നരേന്ദ്ര മോദി പറഞ്ഞിരുന്നു. 

content highlights: one suspended mla joined bjp says trinamool congress