ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കരിങ്കൊടി കാണിച്ച ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഇന്ന് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയോപദേശകന്‍. തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ തയ്യാറാക്കുന്നത് അടക്കം രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ജെഎന്‍യു വിദ്യാര്‍ഥി സംഘടനയായ ഐസ (എഐഎസ്എ)യുടെ നേതാവായിരുന്ന സന്ദീപ് സിങ്ങാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പശ്ചാത്തലമുള്ള സന്ദീപ് സിങ്ങിന് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിര്‍ണായക പങ്കാണുള്ളതെന്നും 'ദ പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ 2005ല്‍ കരിങ്കൊടി കാണിച്ചതടക്കം കോണ്‍ഗ്രസ് വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത ഇടതുപക്ഷ വിദ്യാര്‍ഥി നേതാവായിരുന്നു സന്ദീപ് സിങ്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയായ സന്ദീപ് അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ പഠനത്തിനു ശേഷമാണ് ജെഎന്‍യുവില്‍ എത്തുന്നത്. ജെഎന്‍യുവില്‍ ഐസയുടെ സജീവ പ്രവര്‍ത്തകനും തീപ്പൊരി പ്രാസംഗികനുമായിരുന്നു അദ്ദേഹം.

2005ല്‍ അന്നത്തെ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് ജെഎന്‍യു സന്ദര്‍ശിച്ചപ്പോള്‍ നടന്ന പ്രതിഷേധത്തിന് മുന്‍നിരയില്‍ സന്ദീപ് സിങ് ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പ്രധാനമന്ത്രിയെ കരിങ്കെടി കാട്ടിയ കേസില്‍ അദ്ദേഹം പ്രതിയായിരുന്നു. 2007ല്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.

ജെഎന്‍യു പഠനത്തിനു ശേഷം ഇടതുപക്ഷ ആശയങ്ങളില്‍നിന്ന് അകന്ന സന്ദീപ് സിങ് അണ്ണാ ഹസാരെയുടെയുടെയും അരവിന്ദ് കെജ്രിവാളിന്റെയും നേതൃത്വത്തില്‍ നടന്ന ലോക്പാല്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായി. അതിനു ശേഷമാണ് കോണ്‍ഗ്രസുമായി അടുക്കുന്നത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനായി പ്രസംഗങ്ങള്‍ തയ്യാറാക്കുകയായിരുന്നു സന്ദീപ് സിങ്ങിന്റെ ചുമതല.

sandeep singh

2017 മുതല്‍ സന്ദീപ് സിങ് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസംഗം തയ്യാറാക്കുന്നതിനൊപ്പം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളും തന്ത്രങ്ങളും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാളിത്തമുള്ള രാഷ്ട്രീയ ഉപദേശകന്‍ എന്ന നിലയിലേയ്ക്ക് അദ്ദേഹത്തിന്റെ ചുമതല വളര്‍ന്നു.

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി അദ്ദേഹം അങ്ങനെയൊരു സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തതു മുതല്‍ പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പവും സന്ദീപ് സിങ്ങിന്റെ സ്ഥിരസാന്നിധ്യമുണ്ട്.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തുന്ന കോര്‍പറേറ്റ് വിരുദ്ധവും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതുമായ പ്രസംഗങ്ങള്‍ക്കു പിന്നില്‍ സന്ദീപ് സിങ്ങിന്റെ ഇടതുപക്ഷ ആശയങ്ങളുമായുള്ള പരിചയത്തിന് വലിയ പങ്കുണ്ട്. കൂടാതെ ഇരുവരുടെയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്കു പിന്നിലും അദ്ദേഹത്തിന്റെ പങ്കാളിത്തമുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തുന്നതിനും തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സംഘത്തില്‍ ഇടതുപക്ഷ പശ്ചാത്തലമുള്ള നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍കാല ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ഥി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന.

Content Highlights: Manmohan Singh, Rahul Gandhi's political advisor, Sandeep Singh, Congress, lok sabha election 2019