ന്യൂഡല്‍ഹി: വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദി മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ച അംഗങ്ങള്‍ക്കായി പ്രധാനമന്ത്രി ഇന്ന് ചായസല്‍ക്കാരം നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാൻ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയുക്ത മന്ത്രിമാരെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

കേരളത്തില്‍നിന്നുള്ള ബിജെപി നേതാവ് വി. മുരളീധരന് പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മന്ത്രി സ്ഥാനം ലഭിച്ചേക്കും. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാ എംപിയാണ് വി. മുരളീധരന്‍.

ക്ഷണം ലഭിച്ചവരില്‍ സുഷമാ സ്വരാജ്, നിര്‍മലാ സീതാരാമന്‍, സ്മൃതി ഇറാനി, സദാനന്ദ ഗൗഡ, അര്‍ജുന്‍ മേഗ്വാല്‍, കിരണ്‍ റിജിജു, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, പ്രകാശ് ജാവ്‌ദേക്കര്‍, രാംദാസ് അതാവലെ, ജിതേന്ദര്‍ സിങ്, സുരേഷ് അംഗാഡി, ബാബുല്‍ സുപ്രിയോ, കൈലാഷ് ചൗധരി, പ്രഹ്ലാദ് ജോഷി, ജി. കിഷന്‍ റെഡ്ഡി എന്നിവര്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയ്ക്ക് പ്രധാനപ്പെട്ട വകുപ്പുകള്‍ ഏതെങ്കിലും നല്‍കുമെന്നാണ് സൂചന.

ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്‍.സി.പി റായ്, സുരേഷ് അംഗടി തുടങ്ങിയവരായിരിക്കും മന്ത്രിസഭയിലെ പുതുമുഖങ്ങള്‍. ഇവര്‍ക്ക് മന്ത്രി സഭയില്‍ ചേരാന്‍ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫോണ്‍ സന്ദേശം ലഭിച്ചതായാണ് സൂചന.

വൈകിട്ട് ഏഴ്മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങുകളിലേക്ക് ഏഴായിരത്തോളം ആളുകള്‍ക്കാണ് ക്ഷണം. സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ ബിംസ്റ്റെക്ക് രാഷ്ട്ര തലവന്‍മാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

Content Highlights: New ministers invited to the PM's home at 5 pm, Narendra Modi, BJP Cabinet, V Muraleedharan