ന്യൂഡല്‍ഹി:  വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തേക്കാള്‍ സീറ്റുകള്‍ നേടുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്, സി വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ ഉള്ളത്. മാര്‍ച്ച് 10 ന്  സീ വോട്ടര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ രണ്ടാമത്തെ സര്‍വേയില്‍ പറയുന്നു. 

എന്‍ഡിഎ സഖ്യത്തിന് 261 സീറ്റുകളാണ് സര്‍വേയില്‍ പ്രവചിച്ചിരിക്കുന്നത്. 241 സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് നേടും. അതേസമയം യുപിഎ സഖ്യത്തിന് 143 സീറ്റുകള്‍ മാത്രമാണ് സി വോട്ടര്‍ പ്രവചിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസിന് 91 സീറ്റുകളും സഖ്യകക്ഷികള്‍ മുഴുവനുമായി 52 സീറ്റുകള്‍ നേടും. മാര്‍ച്ച് 24 ന് പൂര്‍ത്തിയായ സര്‍വേയില്‍ രാജ്യത്തെ 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുമുള്ള 10,208 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. 

ഇതില്‍ നിന്ന് എന്‍ഡിഎ സഖ്യത്തിന് ഭരിക്കാനാവശ്യമായ 272 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ സാധിച്ചേക്കുമെന്ന വിലയിരുത്തലാണ് സീ വോട്ടര്‍ നല്‍കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ സഖ്യം ബലപ്പെടുത്തിയത് എന്‍ഡിഎയ്ക്ക് കരുത്തുപകരുന്നുവെന്ന് സര്‍വേ ഫലത്തില്‍ വിലയിരുത്തലുണ്ട്. 

ഇരു സഖ്യത്തിലും ഉള്‍പ്പെടാതെ മാറി നില്‍ക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്, മിസോ നാഷണല്‍ ഫ്രണ്ട്, തെലങ്കാന രാഷ്ട്രസമിതി, ബിജു ജനതാദള്‍ എന്നിവര്‍ 37 സീറ്റുകളില്‍ വിജയിക്കും. ഇവരുടെ കൂടെ പിന്തുണ ലഭിക്കുകയാണെങ്കില്‍ എന്‍ഡിഎ 298 എന്ന മൃഗീയ ഭൂരിപക്ഷത്തിലെത്തും. 2014 ല്‍ നിന്ന് സീറ്റെണ്ണത്തില്‍ വര്‍ധനവ് വരുത്താന്‍ കോണ്‍ഗ്രസിന് കഴിയുമെങ്കിലും ബി.ജെ.പിയെക്കാള്‍ ബഹുദൂരം പിന്നില്‍ പോകേണ്ടി വരുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതുകഷികളും, തൃണമൂല്‍ കോണ്‍ഗ്രസ്, മഹാസഖ്യം തുടങ്ങിയവയുടെ പിന്തുണയോടെ പരമാവധി 229 സീറ്റുകളില്‍ എത്താനെ യുപിഎ യ്ക്ക് സാധിക്കുവെന്നും സര്‍വേ പറയുന്നു. 

ഉത്തര്‍പ്രദേശില്‍ മഹാസഖ്യം ശക്തികാട്ടിയാലും അത് 28 സീറ്റുകളില്‍ ഒതുങ്ങും. കോണ്‍ഗ്രസ്- എഎപി സഖ്യം യാഥാര്‍ഥ്യമായെങ്കില്‍ ഡല്‍ഹിയില്‍ നാല് സീറ്റുകളില്‍ യുപിഎ ജയിക്കുമെന്നും മൂന്നു സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. എന്‍ഡിഎ സഖ്യത്തിന് പരമാവധി 42 ശതമാനം വോട്ടാകും ലഭിക്കുക. അതേസമയം യുപിഎ സഖ്യത്തിന് 30 ശതമാനം വോട്ടുകളും മറ്റ് പാര്‍ട്ടികളും സ്വതന്ത്രന്‍മാരും ചേര്‍ന്ന് പരമാവധി 28 ശതമാനം വോട്ടുകളും നേടിയേക്കുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: NDA continues for Next term, C voter IANS Survey