ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകള്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം പ്രവചിച്ചതോടെ ജഗന്‍മോഹന്‍ റെഡ്ഡി യെ യു.പി.എയിലേക്ക് അടുപ്പിക്കാന്‍ ശ്രമം. ഇതിന്റെ ഭാഗമായി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. എക്‌സിറ്റ് പോളില്‍ വന്‍ വിജയം പ്രവചിച്ചിട്ടും മനസുതുറക്കാതെ ജഗന്‍മോഹന്‍ റെഡ്ഡിയും വൈ.എസ്.ആര്‍. കോണ്‍ഗ്രസും സസ്‌പെന്‍സ് തുടരുകയാണ്. 

ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് 20 വരെ സീറ്റുകള്‍ നേടിയേക്കുമെന്നാണ് എക്‌സിറ്റ് പോളുകളിലെ പ്രവചനം. പ്രതിപക്ഷ ഐക്യത്തിനായി മുന്നിട്ടിറങ്ങിയ ചന്ദ്രബാബുനായിഡുവിന്റെ ടി.ഡി.പി. അഞ്ച് സീറ്റിലൊതുങ്ങുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. പക്ഷേ, ഇത്രയും വലിയ ആത്മവിശ്വാസം നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിട്ടും കേന്ദ്രത്തില്‍ തങ്ങള്‍ ഏത് മുന്നണിക്കൊപ്പം നില്‍ക്കുമെന്നതില്‍ ജഗന്‍മോഹന്‍ റെഡ്ഡി ഇതുവരെ മനസുതുറന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ജഗന്‍മോഹന്‍ റെഡ്ഡിയെ യു.പി.എ.യിലേക്ക് അടുപ്പിക്കാന്‍ ശരദ് പവാര്‍ നീക്കങ്ങള്‍ സജീവമാക്കിയത്. 

അതേസമയം, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി അനുവദിക്കുന്നത് ആരാണോ അവര്‍ക്കൊപ്പം മാത്രമേ ജഗന്‍മോഹന്‍ അണിനിരക്കൂവെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. കേന്ദ്രത്തില്‍ ആര്‍ക്ക് പിന്തുണ നല്‍കുമെന്നതില്‍ ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹം തീരുമാനമെടുക്കുമെന്നും അത് സംസ്ഥാനത്തിന്റെ പൊതുതാത്പര്യം പരിഗണിച്ചുള്ള തീരുമാനമായിരിക്കുമെന്നും നേതാക്കള്‍ പറയുന്നു.

Content Highlights: ncp chief sharad pawar calls jaganmohan reddy, ysr congress chief skips his call