ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത് നല്ല കാര്യമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ആദ്യത്തെ വാര്‍ത്താസമ്മേളനം തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് അഞ്ചോ ആറോ ദിവസം മുമ്പാണ് നടത്തുന്നത്.  അമിത് ഷായെ പ്രധാനമന്ത്രി കൂടെ കൂട്ടിയിട്ടുണ്ട്. ഇത് അസാധാരണമാണ്- രാഹുല്‍ പറഞ്ഞു.

മോദിയുടേയും രാഹുലിന്റേയും വാര്‍ത്താസമ്മേളനങ്ങള്‍ ഒരേ സമയമാണ് ന്യൂഡല്‍ഹിയില്‍ നടന്നത്.

റഫാല്‍ കേസില്‍ എനിക്ക് ഉത്തരം തരാത്തത് എന്തുകൊണ്ടാണ്? അനില്‍ അംബാനിക്ക് രാജ്യത്തിന്റെ 3000 കോടി രൂപ എന്തിന് നല്‍കിയെന്ന എന്റെ ചോദ്യത്തിന് ഉത്തരം പറയണം. താങ്കള്‍ എന്തുകൊണ്ടാണ് എന്നോട് ചര്‍ച്ചക്ക് വരാത്തതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയണം. മോദി എന്തുകൊണ്ടാണ് റഫാല്‍ വിഷയത്തില്‍ പേടിക്കുന്നത്? മോദിയുടേത് ഹിംസയുടെ തത്ത്വശാസ്ത്രമാണ്, ഗാന്ധിജിയുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുപ്പ് ഫലത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ ജനവിധി മാനിക്കുന്നയാളാണെന്നും അതിന് ശേഷം മാത്രമേ അതേക്കുറിച്ച് എന്തെങ്കിലും പറയൂ എന്നും രാഹുല്‍ പറഞ്ഞു. 23 വരെ നമുക്ക് കാത്തിരിക്കാമെന്നായിരുന്നു ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാഹുലിന്റെ മറുപടി.

മോദിയുടെ മാതാപിതാക്കളെ സ്‌നേഹത്തോടെയാണ് നോക്കിക്കാണുന്നതെന്നും അവരെ ബഹുമാനിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. പിതാവ് രാജീവിനേയും മുത്തച്ഛന്‍ നെഹറുവിനേയും കുറിച്ച് മോദി നടത്തിയ പരാമര്‍ശനങ്ങള്‍ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ മറുപടി. 

പത്രസമ്മേളനങ്ങള്‍ നടത്തുന്നതില്‍ ഞാന്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അതിന് കാരണക്കാര്‍ നിങ്ങളാണെന്ന് വ്യക്തമാക്കിയാണ് രാഹുല്‍ പത്രസമ്മേളനം അവസാനിപ്പിച്ചത്. 

Content highlights: Narendra Modi's first press conference Rahul gandhi's comment