ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച ടൈം മാഗസിന്റെ നടപടി രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മോദിയെ ഇന്ത്യയുടെ ഭിന്നിപ്പിന്റെ മേധാവി എന്നായിരുന്നു ആ ലേഖനത്തില്‍ വിശേഷിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദിയെ കുറിച്ച് പുതിയൊരു ലേഖനം കൂടി പ്രസിദ്ധീകരിച്ചിരിക്കയാണ് ടൈം. എന്നാല്‍ ഇത്തവണ ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന നേതാവെന്നാണ് മോദിയെ ടൈം വിശേഷിപ്പിക്കുന്നത്.

''ദശാബ്ദങ്ങള്‍ക്കിടയില്‍ മറ്റൊരു പ്രധാനമന്ത്രിക്കും കഴിയാത്തത് പോലെ മോദി ഇന്ത്യയെ ഒന്നിപ്പിക്കുന്നു' എന്ന തലക്കെട്ടോടെ വന്ന ലേഖനത്തിലാണ് മോദിയെ കുറിച്ച് പുതിയ പരാമര്‍ശമുള്ളത്. 2014ല്‍ മോദിക്ക് വേണ്ടി ക്യാംപെയിന്‍ നടത്തിയ മനോജ് ലാദ്വയാണ് പുതിയ ലേഖനം എഴുതിയിരിക്കുന്നത്. ടൈം മാഗസിന്റെ വെബ്‌സൈറ്റില്‍ ചൊവ്വാഴ്ചയാണ് ലേഖനം വന്നിരിക്കുന്നത്.

വിവിധ തട്ടുകളാക്കി വിഭജിച്ചിരുന്ന ജനങ്ങളെ മോദി സമര്‍ത്ഥമായി അതിജീവിച്ചെന്ന് ലേഖനം നിരീക്ഷിക്കുന്നു. പിന്നോക്ക സമുദായത്തില്‍ ജനിച്ചു എന്നുള്ളതാണ് മോദിയെ ഐക്യത്തിന്റെ വക്താവാക്കിയതെന്നും മനോജ് ലാദ്വ വിലയിരുത്തുന്നു. മോദി ജനിച്ചത് സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിലാണ്.

ഈ തിരഞ്ഞെടുപ്പില്‍ മോദി ചെയ്തത് പോലെ കഴിഞ്ഞ അഞ്ച് ദശാബ്ദക്കാലത്ത് മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യന്‍ സമ്മതിദായകരെ ഒന്നിപ്പിച്ചില്ല. സാമൂഹിക പുരോഗമന സ്വഭാവമുള്ള നയങ്ങളിലൂടെ മോദി ഇന്ത്യന്‍ ജനതയുടെ പട്ടിണി മാറ്റിയെന്നും ലേഖനം വിലയിരുത്തുന്നു. 

ഈ മാസം ആദ്യം വന്ന മോദിയെ വിമര്‍ശിക്കുന്ന ലേഖനത്തിനുള്ള മറുപടി എന്ന നിലയിലാണ് ഇപ്പോഴത്തെ ലേഖനം വന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ തസീര്‍ സ്ലമ്മേദ് എഴുതിയ ആദ്യത്തെ ലേഖനത്തില്‍ മോദിയെ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്ന നേതാവാണ് വിശേഷിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഈ ലേഖനം ഒരു പ്രചാരണ വിഷയമാക്കി ഉയര്‍ത്തിയിരുന്നു. തസീര്‍ പാകിസ്താനിയാണെന്നും അതിനാലാണ് ഇത്തരത്തില്‍ ലേഖനം എഴുതിയതെന്നുമായിരുന്നു ബി.ജെ.പിയുടെ മറുപടി.

content highlights: Time magazine, Narendra Modi, article, Divider in Chief, BJP