ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം തനിക്ക് തീര്‍ഥാടനം പോലെയാണ് അനുഭവപ്പെട്ടതെന്ന് പ്രധാനമന്ത്രി മോദി. പാര്‍ട്ടി തനിച്ചല്ല, ജനങ്ങളാണ് ഇത്തവണ പ്രചാരണം നടത്തിയതെന്നും ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന കേന്ദ്രമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് അദ്ദേഹം കേന്ദ്രമന്ത്രിമാര്‍ക്ക് നന്ദി പറഞ്ഞുവെന്നും കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ മാധ്യമങ്ങളെ അറിയിച്ചു.

നിരവധി തിരഞ്ഞെടുപ്പുകള്‍ക്ക് താന്‍ സാക്ഷിയായിട്ടുണ്ടെങ്കിലും ഇത്തവണത്തേത് രാഷ്ട്രീയത്തിന് അതീതമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളാണ് പോരാട്ടം നടത്തിയത്. പാര്‍ട്ടിക്കുവേണ്ടി വിവിധ സ്ഥലങ്ങളില്‍ യാത്രചെയ്ത് പ്രചാരണം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ പ്രചാരണം ഒരു തീര്‍ഥാടനം പോലെയാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിമാരുടെ യോഗത്തിനുശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആതിഥ്യമരുളിയ അത്താഴവിരുന്നും നടന്നു. ബിജെപി നേതാക്കളും ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. അഞ്ച് വര്‍ഷത്തിനിടെ നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായതിന് മോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ ഈ ആവേശം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി, ജെ.പി നഡ്ഡ, പ്രകാശ് ജാവദേക്കര്‍, റാം വിലാസ് പാസ്വാന്‍ തുടങ്ങിയവരെല്ലാം കേന്ദ്രമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ അത്താഴ വിരുന്നിനെത്തി.

Content Highlights: PM Narendra Modi, Pilgrimage