ന്യൂഡല്‍ഹി:  മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചത് അഴിമതിക്കാരനായിട്ടാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധി. മോദിജി, യുദ്ധം കഴിഞ്ഞു. കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നു.  നിങ്ങളുടെ ഉള്‍വിചാരങ്ങള്‍ എന്റെ അച്ഛനില്‍ ആരോപിച്ചതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല.- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

അതേസമയം മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചുവെന്നും മോദിക്ക് അമേഠിയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. രക്തസാക്ഷികളുടെ പേരില്‍ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചിരിക്കുകയാണ്.  ഈ കാപട്യം  രാജ്യം ഒരിക്കലും മറക്കാന്‍ പോകുന്നില്ലെന്നും ട്വിറ്ററില്‍ പ്രിയങ്ക പറയുന്നു. 

 

ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി പറഞ്ഞത്. വിവാദമായ ബോഫോഴ്‌സ് അഴിമതി പരാമര്‍ശിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. എന്നാല്‍ ഇത് പിന്നീട് വിവാദമായി മാറി. 

Content Highlights: Modi Ji, The battle is over. Your Karma awaits you- Rahul Gandhi hits Modi